വി ഡി സതീശൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനം വൈകുകയാണ്. ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളെച്ചൊല്ലി കോൺഗ്രസും ലീഗും തമ്മിൽ തർക്കം നിലനിൽക്കുന്നതാണ് കാലതാമസത്തിന് കാരണം. ചി
തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനം നീളുന്നു. ചില വകുപ്പുകളിൽ ഇനിയും തർക്കം നിലനിൽക്കുകയാണ്. ഫിഷറീസ് ലീഗിന് നൽകുന്നതിൽ കോൺഗ്രസിൽ എതിർപ്പുണ്ടെന്നാണ് സൂചന. ഫിഷറീസ് വകുപ്പ് തന്നാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടു നൽകൂ എന്ന നിലപാടിലാണ് ലീഗ്.

സത്യപ്രതിജ്ഞ പൂർത്തിയായി മണിക്കൂറുകൾ പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച പട്ടിക ലോക്ഭവന് കൈമാറിയിട്ടില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് റോജി എം ജോണിന് നൽകാനായിരുന്നു കോണ്‍ഗ്രസിൽ തീരുമാനം. അങ്ങനെയെങ്കിൽ കോണ്‍ഗ്രസിൽ നേരത്തെ കൈവശം വച്ചിരുന്ന ഫിഷറീസ് വകുപ്പ് വേണം എന്ന നിലപാടിലാണ് ലീഗ്. ലത്തീൻ സഭ പ്രതിഷേധം ഉന്നയിക്കുന്ന സാഹചര്യത്തിൽ കോണ്‍ഗ്രസ് തന്നെ ഈ വകുപ്പ് കൈവശം വയ്ക്കണം എന്ന അഭിപ്രായം കോണ്‍ഗ്രസിൽ ഉയർന്നു. ടി സിദ്ദിഖിന് കൃഷി വകുപ്പാണ് ഒടുവിൽ തീരുമാനിച്ചത്. എന്നാൽ സിദ്ദിഖിന് ഈ വകുപ്പിൽ താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. അങ്ങനെ ചില തർക്കങ്ങൾ കാരണമാണ് ഇതുവരെ മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങാത്തത്.
