തിരുവനന്തപുരം: സംസ്ഥാനത്ത് 5,000ത്തിലേറെ സർക്കാർ ജീവനക്കാർ ഇന്ന് പടിയിറങ്ങുന്നു. 1960 കാലഘട്ടത്തില്‍ ജനിച്ച് വെള്ളിയാഴ്ച 56 വയസ്സ് പൂർത്തിയാകുന്നവരാണിവർ. വിരമിക്കുന്നവർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാൻ  സര്‍ക്കാരിന് 1600 കോടിയിലേറെ രൂപ വേണമെന്നാണ് പ്രാഥമിക കണക്കുകൾ പറയുന്നത്.

വിരമിക്കൽ ആനുകൂല്യങ്ങൾ ഒരു മാസത്തിനുള്ളിൽ തന്നെ എല്ലാർക്കും നൽകണമെന്ന് ധനകാര്യവകുപ്പ് നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ആനുകൂല്യങ്ങൾ നൽകാൻ വൈകുകയാണെങ്കിൽ പലിശയടക്കം പിന്നീട് നൽകേണ്ടി വരും. ഇത് സർക്കാരിന് ബാധ്യത ഉണ്ടാക്കുമെന്ന് കണ്ടതിനാലാണ് വിരമിക്കൽ‌ ആനുകൂല്യങ്ങൾ എത്രയും വേ​ഗം നൽകാൻ ധനകാര്യവകുപ്പ് ഉത്തരവിട്ടത്. ഇക്കാര്യം ശരിയായി നടപ്പാക്കിയില്ലെങ്കിൽ ചുമതലയുള്ള ഉദ്യോഗസ്ഥരെ കുറ്റക്കാരായി കണ്ട് നടപടിയെടുക്കും.

ഈ വര്‍ഷം വിരമിക്കുന്നവരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുമെന്നാണ് സ്പാര്‍ക്കിന്റെ (സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനും മറ്റുമുള്ള ഓണ്‍ലൈന്‍ സംവിധാനം) വിവരശേഖരണത്തില്‍ കാണിക്കുന്നത്. അങ്ങനെയാണെങ്കിൽ സ്വാഭാവികമായും ഇത്രയും പേർ വിരമിക്കേണ്ടതുണ്ട്. എന്നാൽ വിരമിച്ചുവെന്ന് സോഫ്റ്റ് വേറില്‍ അടയാളപ്പെടുത്തിയാലെ കൃത്യമായ വിവരങ്ങള്‍ അറിയാൻ സാധിക്കൂ. 

ജനന രജിസ്ട്രേഷനുകൾ നിലവിലില്ലായിന്ന കാലത്ത് സ്കൂളിൽ ചേർക്കുമ്പോൾ ജനന തീയതി മേയ് 31 ആയി രേഖപ്പെടുത്തുമായിരുന്നു. ഇതാണ് പലരുടെയും ജനന തീയതികൾ രേഖകളിൽ ഒരുപോലെ ആകാൻ ഇടയായത്.