Asianet News MalayalamAsianet News Malayalam

ആലുവയിൽ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകന്റെ കുടുംബത്തിന് 50 ലക്ഷം

കുടുംബത്തിന്റെ അക്കൗണ്ടില്‍ തുക എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വേഗത്തിൽ മതിയായ രേഖകള്‍ സമര്‍പ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലെയിം നേടിക്കൊടുക്കാനായത്

Aluva district hospital staff family get covid insurance claim of 50 lakh after death
Author
Thiruvananthapuram, First Published Oct 17, 2020, 3:44 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോര്‍ച്ചറി ജീവനക്കാരൻ പിഎന്‍ സദാനന്ദന്റെ (57) കുടുംബത്തിന് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക അനുവദിച്ചു. കുടുംബത്തിന്റെ അക്കൗണ്ടില്‍ തുക എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വേഗത്തിൽ മതിയായ രേഖകള്‍ സമര്‍പ്പിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലെയിം നേടിക്കൊടുക്കാനായത്. സദാനന്ദന്റെ വിലയേറിയ സേവനങ്ങള്‍ നാട്ടുകാര്‍ എപ്പോഴും ഓര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടുമ്പോഴാണ് ചൂര്‍ണിക്കര പഞ്ചായത്ത് തായ്ക്കാട്ടുകര സ്വദേശി മോളത്തുപറമ്പില്‍ പിഎന്‍ സദാനന്ദന്‍ ആഗസ്റ്റ് 17 ന് കൊവിഡ് ബാധിച്ച് മരിച്ചത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ആരോഗ്യവകുപ്പില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി 2002 ലാണ് സദാനന്ദന്‍ ജോലിയില്‍ പ്രവേശിച്ചത്. 2019 ജനുവരി 31 ന് നഴ്‌സിംഗ് അസിസ്റ്റന്റായി ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നും വിരമിച്ചു. ഏറെ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച സദാനന്ദനെ ആശുപത്രി വികസന സമിതി തീരുമാന പ്രകാരം 2019 ഫെബ്രുവരി 25ന് മോര്‍ച്ചറിയിൽ അറ്റന്ററായി നിയമിക്കുകയായിരുന്നു.

കൊവിഡ് വ്യാപനസമയത്ത് നിരവധി മൃതദേഹങ്ങള്‍ എത്തിയിരുന്ന ആലുവ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയുടെ ചുമതലയില്‍ ആയിരുന്നു സദാനന്ദന്‍. ഇതിനിടെ കൊവിഡ് ബാധിച്ചതിനാലും ഉയര്‍ന്ന തലത്തില്‍ പ്രമേഹമുള്ളതിനാലും എറണാകുളം മെഡിക്കല്‍ കോളേജിലാക്കി. ശ്വാസംമുട്ട് കൂടിയതിനെ തുടര്‍ന്ന് ഐസിയുവിലും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ആഗസ്ത് 17ന് മരണമടയുകയായിരുന്നു. സദാനന്ദനോടുള്ള ആദര സൂചകമായി ജില്ലാ ആശുപത്രി ഉദ്യാനത്തില്‍ നന്മയുടെ പ്രതീകമായി തേന്മാവിന്റെ തൈ നട്ടിരുന്നു.

Follow Us:
Download App:
  • android
  • ios