കേസിൽ കൂടുതൽ പ്രതികളുണ്ടെങ്കിൽ അവരെയെല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും അച്ഛൻ
ആലുവ: മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് സംശയമുണ്ടെന്ന് അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട്. പ്രതിക്ക് മരണ ശിക്ഷ കിട്ടണം എന്നാണ് ആഗ്രഹം. തനിക്കും കുടുംബത്തിനും അത് കാണണം. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിൽ അവരെ ഉടൻ പുറത്തു കൊണ്ടുവരണം. പ്രതിക്ക് മരണശിക്ഷ കിട്ടിയാലേ കേരളത്തിനും സന്തോഷമുണ്ടാകൂ. തന്റെ മകൾ ഇപ്പോൾ കേരളത്തിന്റെ മകൾ കൂടിയാണ്.
സംസ്ഥാന സർക്കാരിനെതിരെയോ പൊലീസിനെതിരെയോ പരാതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിലും പൊലീസിലും പൂർണ വിശ്വാസമുണ്ട്. തനിക്ക് ആരോടും പരാതിയില്ല. ഈ പ്രതിക്ക് ശിക്ഷ അടക്കം ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ പോകൂവെന്നും അച്ഛൻ പറഞ്ഞു.
Read More: ആലുവ പെൺകുട്ടിയുടെ കൊലപാതകം: രേവദ് ബാബു കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന് പരാതി
അതേസമയം പെൺകുട്ടിയുടെ സംസ്കാര ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളാരും പങ്കെടുത്തില്ലെന്ന വിമർശനത്തിനിടെ, ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ ഇന്ന് കുടുംബത്തെ സന്ദർശിച്ചിരുന്നു. എന്തിനും സർക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്തുന്ന സമീപനം പൊലീസിന്റെ ആത്മവീര്യം ഇല്ലാതാക്കാനേ ഉപകരിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയം രാഷ്ട്രീയ വത്കരിക്കരുത്. പ്രതിപക്ഷ നേതാവിന്റെയടക്കം വാദങ്ങൾ ബാലിശമാണ്. മന്ത്രിമാർ സന്ദർശിച്ചില്ലെങ്കിലും കുടുംബത്തിന് വേണ്ടി എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കുട്ടിയുടെ വീടിന്റെ പരിസരത്ത് എക്സൈസ് സംഘം പരിശോധന നടത്തുന്നുണ്ട്. എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഈ ക്യാമ്പുകളിൽ മയക്കുമരുന്ന് അടക്കം ലഹരി ഉപയോഗം കണ്ടെത്താനാണ് പരിശോധന. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ പരിശോധന നടത്തുന്നുണ്ട്. സമാന്തരമായ അന്വേഷണം പൊലീസും നടത്തുന്നുണ്ട്. അസ്ഫാക് ആലം എന്ന പ്രതി താമസിച്ച മുറിയിലടക്കം പരിശോധന നടത്തുന്നുണ്ട്.
