എന്നാൽ കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വീഴ്ച്ച ആരോപിച്ചു ഇടത് മുന്നണി നഗരസഭയിലേക്കും മാർച്ച് നടത്തും. ബിജെപിയും എസ്പി ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചി: ആലുവയിലെ കുട്ടിയുടെ സംസ്കാരത്തിന് പിന്നാലെ വൻ രാഷ്ട്രീയ പോര് ഉടലെടുക്കുന്നു. പരസ്പരം പഴിചാരി രാഷ്ട്രീയപാർട്ടികൾ രംഗത്ത് വന്നിരിക്കുകയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള വിവിധ പാർട്ടികളുടെ മാർച്ചുകൾ നാളെ നടക്കും. പൊലീസ് അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് പൊലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് ഭരിക്കുന്ന നഗരസഭയുടെ വീഴ്ച്ച ആരോപിച്ചാണ് ഇടത് മുന്നണിയുടെ നഗരസഭയിലേക്കുള്ള മാർച്ച്. അതിനിടെ പ്രതിഷേധവുമായി ബിജെപിയും എസ്പി ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ആലുവയിൽ കുട്ടിയുടെ സംസ്കാര ചടങ്ങുകളിൽ ജനപ്രതിനിധികളാരും പങ്കെടുത്തിരുന്നില്ലെന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
ആലുവയിലെ കുട്ടിയുടെ സംസ്കാര കർമ്മം ചെയ്തത് ഓട്ടോ ഡ്രൈവർ, 'പല പൂജാരികളെ സമീപിച്ചു, ആരും തയ്യാറായില്ല'
അഞ്ച് വയസുകാരിയുടെ പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ പോലും എത്താത്തതിൽ പ്രതിഷേധം വ്യക്തമാക്കി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സർക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സർക്കാർ പ്രതിനിധി പോലും പങ്കെടുക്കാത്തത് പ്രതിഷേധാർഹമാണ്. മന്ത്രി പി രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ലെന്നും എറണാകുളത്ത് വ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തീരുമാനമെന്നും ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. നാളെ ബ്ലോക്ക് തലത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ആലുവ പൊലീസ് സ്റ്റേഷനിലേക്കും നാളെ കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം വിവരിച്ചു.
സർക്കാർ കേരളത്തിൽ മദ്യം ഒഴുകുകയാണെന്നും ലഹരിയിൽ നിന്നും മോചനം ഇല്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടു. ആലുവയിൽ കുട്ടിയെ കാണാതായത് മുതൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതുവരെയുള്ള സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത് വലിയ വീഴ്ച്ചയാണെന്നും ഡി സി സി പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
