കൊച്ചി: ആലുവയിലെ എഎസ്ഐ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധം കടുപ്പിച്ച് ബന്ധുക്കളും നാട്ടുകാരും. സ്ഥലം മാറ്റിയ എസ്ഐ രാജേഷിനെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് മൃതദേഹം സംസ്കരിക്കാതെ നാട്ടുകാർ റോഡ് ഉപരോധിച്ചു. അതേസമയം, ബാബുവിന്റെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആലുവ റൂറൽ എസ്പി കെ കാർത്തിക് പറഞ്ഞു. എസ്ഐ രാജേഷിന്റെ സ്ഥലം മാറ്റം പ്രാഥമിക നടപടി മാത്രമാണെന്നും എസ്പി കൂട്ടിച്ചേർത്തു. 

രാവിലെ കുട്ടമശ്ശേരിയിലെ വീട്ടിൽ അന്തോമോപചാരം അർപ്പിക്കാൻ എത്തിയ എസ്പിക്ക് നേരെയും  പ്രതിഷേധമുണ്ടായി. റീത്ത് സമർപ്പിച്ച് മടങ്ങുകയായിരുന്ന എസ്പിയെ തടഞ്ഞ് വച്ച് എസ്ഐ രാജേഷിനെതിരെ ശക്തമായ നടപടി വേണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് ആര്‍ രാജേഷിനെ അന്വേഷണ വിധേയമായി സ്ഥലം മാറ്റിയത്. എസ്പി മടങ്ങിയതിന് ശേഷവും നാട്ടുകാരുടെ പ്രതിഷേധം തുടർന്നു. 

ഇതിനിടെ സംഭവത്തിൽ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം തടിയിട്ടപറമ്പ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽനിന്ന് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങൾ തേടിയിട്ടുണ്ട്. 

എഎസ്ഐ ബാബു ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ തൂങ്ങിമരിച്ചത്. മരണത്തിന് മുൻപ് സ്റ്റേഷൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ എസ്ഐ ആ‍ർ രാജേഷിനെതിരെ മാനസിക പീഡന ആരോപണമുന്നയിച്ച ശേഷമായിരുന്നു ബാബുവിന്‍റെ ആത്മഹത്യ. ഈ സന്ദേശത്തിൽ എസ്ഐ ആർ രാജേഷ് കാരണമാണ് ജീവിതം വിട്ടുകളയുന്നതെന്നും സൂചിപ്പിച്ചിരുന്നു. സ്റ്റേഷൻ ജോലികളുമായി ബന്ധപ്പെട്ട് ബാബു അടുത്തകാലത്തായി കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി സുഹൃത്തുക്കളും ആരോപിക്കുന്നു.