ആലുപ്പുഴ: അമ്പലപ്പുഴയിൽ രണ്ടാനച്ഛന്‍റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്. കുഞ്ഞിന് ശസ്ത്രക്രിയ വേണ്ടിവരുമോ എന്ന കാര്യത്തിൽ മെഡിക്കൽ ബോര്‍ഡ് ഇന്ന് തീരുമാനം എടുക്കും. ചൈൽഡ് ലൈനിന്‍റെ സംരക്ഷണയിലാണ് കുട്ടി. കുട്ടിയുടെ അമ്മയേയും രണ്ടാനച്ഛനെയും ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിഞ്ഞത്. മര്‍ദ്ദനത്തില്‍ കുട്ടിയുടെ ജനനേന്ദ്രിയത്തിന് സാരമായ പരിക്കേറ്റിരുന്നു, നീരു വന്ന് വീങ്ങിയ നിലയിലാണ് ജനനേന്ദ്രിയം. അടിവയറ്റിലും നീര് വന്ന് വീങ്ങിയിട്ടുണ്ട്. രണ്ടാനച്ഛന്‍ വൈശാഖിനും കുട്ടിയുടെ അമ്മ മോനിഷയ്ക്കും എതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

നാട്ടുകാരാണ് മര്‍ദ്ദന വിവരം പൊലീസിനെ അറിയിച്ചത്. എന്തിനാണ് കുട്ടിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതെന്ന ചോദ്യത്തിന് അമ്മയ്ക്ക് വ്യക്തമായ ഉത്തരമില്ല. അടിക്കല്ലേ എന്ന അപേക്ഷ വകവയ്ക്കാതെയായിരുന്നു മര്‍ദ്ദനമെന്നാണ് അമ്മ പറഞ്ഞയുന്നത്. 

Read Also: അമ്പലപ്പുഴയിൽ കുഞ്ഞിന് രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനം: കുട്ടിയുടെ ജനനേന്ദ്രിയത്തിന് പരിക്ക്