കൽപറ്റ: വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ ആദ്യ അറസ്റ്റ്. കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നേമത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിജയകുമാർ ലീസിനെടുത്ത് അമ്പലവയലിൽ നടത്തിയിരുന്ന ലോഡ്ജിൽ വച്ചാണ് യുവതിയും യുവാവും സദാചാര ഗുണ്ടായിസത്തിന് ഇരയായത്.

കേസിലെ മുഖ്യപ്രതിയായ സജീവാനന്ദനൊപ്പം യുവതിയെ ലോഡ്ജിലെത്തി ശല്യം ചെയ്തയാളാണ് വിജയകുമാർ എന്ന് യുവതി പൊലീസിൽ മൊഴി നൽകിയിരുന്നു. സജീവാന്ദനൊപ്പം യുവതിയെയും യുവാവിനെയും സദാചാര ​ഗുണ്ടായിസത്തിന്റെ പേരിൽ മർദ്ദിക്കുമ്പോൾ ഇയാളും കൂടെ ഉണ്ടായിരുന്നതായും യുവതി  മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. കേസിൽ കഴിഞ്ഞ ദിവസമാണ് കുമാറിനെ പ്രതിചേർത്തത്. 

അതേസമയം, സജീവാനന്ദന് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ സജീവാനന്ദൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കൽപറ്റ ജില്ലാ സെക്ഷൻസ് കോടതി പരിഗണിക്കും.