തിരുവനനന്തപുരം: അമ്പൂരിയിൽ യുവതിയെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട രാഖി നെയ്യാറ്റിൻകര ബസ് സ്റ്റാന്‍റ് പരിസരത്തുകൂടെ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. എറണാകുളത്തേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ രാഖി സുഹൃത്തായ അഖിലിനെ കാണാൻ പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്.

ദൃശ്യങ്ങളിൽ കാണുന്നത് മകൾ രാഖി തന്നെയാണെന്നും 21 ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ധരിച്ചിരുന്ന വേഷം തന്നെയാണ് ദൃശ്യങ്ങളുള്ളതെന്നും അച്ഛൻ സ്ഥിരീകരിച്ചു. 

"

എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെ കാണാനില്ലെന്ന് കാണിച്ചായിരുന്നു ബന്ധുക്കളുടെ പരാതി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെ അഖിലിന്‍റെ വീടിനോട് ചേര്‍ന്ന പറമ്പിൽ നിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെടുത്തത്. ഫോൺകോളുകളും മറ്റും പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.