കൈയ്യിലെ എല്ല് മൂന്നായി നുറുങ്ങിയ ഏഴ് വയസ്സുകാരി ഫാത്തിമയെ ഡോക്ടർമാർ പരിശോധിക്കുന്നതിനിടെയായിരുന്നു, ഫാത്തിമയുടെ പിതാവിനും സഹോദരനും ആംബുലൻസ് ജീവനക്കാരുടെ മർദ്ദനമേറ്റത്

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ ചികിത്സതേടിയെത്തിയ കുട്ടിയുടെ അച്ഛനും സഹോദരനും ആംബുലൻസ് ജീവനക്കാരുടെ ക്രൂര മ‍ർദ്ദനം. ഇന്നലെ രാത്രി അത്യാഹിത വിഭാഗത്തിൽ വെച്ചാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്. സംഘർഷവുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി. 

കൈയ്യിലെ എല്ല് മൂന്നായി നുറുങ്ങിയ ഏഴ് വയസ്സുകാരി ഫാത്തിമയെ ഡോക്ടർമാർ പരിശോധിക്കുന്നതിനിടെയായിരുന്നു വീണ്ടും വാക്കേറ്റമുണ്ടായത്. ആംബുലൻസിന് അരിക് നൽകിയില്ലെന്ന് ആരോപിച്ച് ആശുപത്രിക്ക് പുറത്ത് നിന്ന് തുടങ്ങിയ തർക്കമാണ് ആശുപത്രിക്ക് അകത്ത് ആക്രമണത്തിലും സംഘർഷത്തിലും കലാശിച്ചത്. 

ആശുപത്രിയിൽ എത്തിക്കും മുൻപ് കഴക്കൂട്ടത്ത് വച്ച് ആംബുലൻസ് സംഘം വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്നും കുടുംബം പരാതിപ്പെടുന്നു. മലയിൻകീഴിൽ നിന്ന് ചന്തവിളയിലേക്ക് പോകും വഴി ആംബുലൻസ് സംഘം വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് ഓട്ടോ ഡ്രൈവറായ റഹീസ് ഖാനും കുടുംബവും പരാതിപ്പെട്ടത്.

ഇതിന് ശേഷം ആംബുലൻസ് ജീവനക്കാർ തന്നെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ വെച്ചുണ്ടായ വാക്കുതർക്കം സംഘർഷത്തിലെത്തി, ഇതിന് ഇടയിൽ അകപ്പെട്ട പത്ത് വയസ്സുകാരൻ നഹാസിനും ഗുരുതര പരിക്കേറ്റു.

എന്നാൽ റോഡിൽ വെച്ച് വാഹനം ഇടിച്ചിട്ടില്ലെന്നാണ് ആംബുലൻസ് ജീവനക്കാർ പറയുന്നത്. അപകടത്തിൽ പെട്ടപ്പോൾ സഹായിച്ചിട്ടും അസഭ്യം പറ‌‌ഞ്ഞതാണ് മർദ്ദനത്തിന് പ്രകോപനമെന്നും ഇവർ പറയുന്നു. ഇരുകൂട്ടരും പരസ്പരം മദ്യലഹരിയിൽ ആയിരുന്നെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് എസ് എ ടി ആശുപത്രി സൂപ്രണ്ട് പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഫാത്തിമയെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ശസ്ത്രക്രിയ നടത്തി.