തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം, തൃശൂർ എന്നീ കോർപ്പറേഷനുകൾ പ്രധാന ലക്ഷ്യം

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ബി.ജെ.പി കേന്ദ്ര നേതൃത്വം. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ "മിഷൻ കേരള" ലക്ഷ്യം വെച്ച് പ്രവർത്തിക്കാൻ നിർദ്ദേശം. ഇത്തവണ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം, തൃശൂർ എന്നീ കോർപ്പറേഷനുകൾ പിടിച്ചെടുക്കുകയെന്നതാണ് പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ബിജെപിക്ക് സ്വാധീനമുള്ള രണ്ട് കോർപ്പറേഷനുകളാണ് തിരുവനന്തപുരവും തൃശൂരും. ഇതുകൂടാതെ, 10 മുനിസിപ്പാലിറ്റികളിൽ അധികാരം പിടിക്കാനും 21,000 വാർഡുകളിൽ വിജയം ഉറപ്പിക്കാനും യോഗത്തിൽ അമിത് ഷാ നിർദ്ദേശിച്ചു.

തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ സാഹചര്യത്തിൽ, ഈ കോർപ്പറേഷനുകളിൽ അധികാരം പിടിച്ചെടുക്കുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് വലിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബി.ജെ.പി.യുടെ പുതിയ സംസ്ഥാന കാര്യാലയം ഉദ്ഘാടനം ചെയ്യാനും പ്രവർത്തക കൺവെൻഷനിൽ പങ്കെടുക്കാനുമായി കേരളത്തിലെത്തിയ വേളയിലാണ് അമിത് ഷാ ബിജെപി ഉന്നതതല യോഗത്തിൽ പങ്കെടുത്തത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം പിടിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ ബി.ജെ.പി. കാണുന്നതെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം.

YouTube video player