Asianet News MalayalamAsianet News Malayalam

അമിത് ഷായുടേയും പിണറായി വിജയന്‍റെയും ശബ്‍ദം ഒന്നാണെന്ന് തെളിഞ്ഞെന്ന് രമേശ് ചെന്നിത്തല

ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിന്ന് വളരെ അകലെയാണ് പിണറായിയുടെ പിടിയില്‍പ്പെട്ട സിപിഎം. കേരളത്തിലെമ്പാടും പരസ്പരം വെല്ലുവിളിച്ചും വകവരുത്തിയും നടക്കുന്ന ബിജെപിയുടെയും സിപിഎമ്മിന്റെയും അണികളും അറിയണം പിണറായിയുടെ നേതൃത്വത്തില്‍ ഇരുട്ടിന്റെ മറവില്‍ നിങ്ങളുടെ നേതാക്കള്‍ പരസ്പരം നല്‍കുന്ന  ഈ കൊടും ചതിയുടെ വലിയ സലാമെന്നും ചെന്നിത്തല പറഞ്ഞു

amit shah and pinarayi vijayan sound same says ramesh chennithala
Author
Thiruvananthapuram, First Published Nov 10, 2019, 5:37 PM IST

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ശബ്‍ദം ഒന്നാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാഴികയ്ക്ക് നാല്‍പത് വട്ടം സംഘപരിവാറിനെ എതിര്‍ക്കാന്‍ തങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട് നല്‍കിയിരിക്കുകയാണ് ബിജെപി  മുഖപത്രം ജന്മഭൂമിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

യുഎപിഎയുടേയും മാവോയിസ്റ്റ് വേട്ടയുടേയും കാര്യത്തില്‍ മോദി - ഷാ നേതൃത്വം എന്താഗ്രഹിച്ചുവോ അക്കാര്യം പിണറായി അക്ഷരംപ്രതി നടപ്പാക്കുന്നുവെന്നാണ് ബിജെപി പത്രം പറയുന്നത്. സിപിഎം-ബിജെപി അന്തര്‍ധാരയുടെ പരസ്യമായ അംഗീകാരമാണ് സംഘപരിവാരം നല്‍കിയ ഈ ബിഗ് സല്യൂട്ട്. അമിത് ഷായുടെ ന്യൂനപക്ഷ വേട്ടയ്ക്ക് പിണറായി കുട പിടിക്കുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണം കൂടിയാണ് ജന്മഭൂമിയില്‍ കുഞ്ഞികണ്ണന്‍ എഴുതിയ ലേഖനം.

കഴിഞ്ഞ കുറേ നാളുകളായി മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്ന പല നിലപാടുകളും ബിജെപിയുടെ കേരളത്തിലെ വളര്‍ച്ചയ്ക്ക് സഹായകരമാണ്. ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമില്ലാതെ മതേതരമായി ചിന്തിക്കുന്ന വലിയ ഒരു ജനവിഭാഗമാണ് കോണ്‍ഗ്രസിന്‍റെ ജനകീയ അടിത്തറ. ജനങ്ങളെ വര്‍ഗീയമായും ജാതീയമായും വേര്‍തിരിച്ച് അധികാരത്തില്‍ എത്താനാണ് ബിജെപി എന്നും ശ്രമിക്കുന്നത്.

ഒരേസമയം വര്‍ഗീയ ധ്രുവീകരണം വരുന്ന നിലപാടുകളിലൂടെ ബിജെപിയിലേക്ക് ആളെകൂട്ടാന്‍ ശ്രമിക്കുകയും, ജാതി വിദ്വേഷം വളര്‍ത്തി തങ്ങളുടെ വോട്ട് ബാങ്ക് വളര്‍ത്തുകയും, അതു വഴി കോണ്‍ഗ്രസിനെ തളര്‍ത്തി, അധികാരത്തില്‍ തുടരുക എന്ന മിനിമം ലക്ഷ്യം ആണ് പിണറായിയെ നയിക്കുന്നത്.

കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന ബിജെപിയുടെ ലക്ഷ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ട് സംഘ പരിവാറിനും പിണറായി പ്രീയങ്കരനാകുന്നു. ഇന്നിപ്പോള്‍ ആര്‍എസ്എസ് പിണറായിക്ക് നല്‍കിയിരിക്കുന്ന വലിയ സല്യൂട്ടിന് കേരള ജനത വലിയ വില നല്‍കേണ്ടി വരും. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിന്ന് വളരെ അകലെയാണ് പിണറായിയുടെ പിടിയില്‍പ്പെട്ട സിപിഎം.

കേരളത്തിലെമ്പാടും പരസ്പരം വെല്ലുവിളിച്ചും വകവരുത്തിയും നടക്കുന്ന ബിജെപിയുടെയും സിപിഎമ്മിന്റെയും അണികളും അറിയണം പിണറായിയുടെ നേതൃത്വത്തില്‍ ഇരുട്ടിന്റെ മറവില്‍ നിങ്ങളുടെ നേതാക്കള്‍ പരസ്പരം നല്‍കുന്ന  ഈ കൊടും ചതിയുടെ വലിയ സലാം. നരേന്ദ്ര മോദിയുടെയും അമിത് ഷായുടേയും പാത പിന്തുടരുന്നതിലൂടെ ഇടതു പക്ഷത്തേയും കേരളത്തിന്റെ മതനിരപേക്ഷ മനസിനേയുമാണ് പിണറായി ഒറ്റു കൊടുക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Follow Us:
Download App:
  • android
  • ios