കൊച്ചി: പ്രതിഫല വിഷയത്തിൽ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് താര സംഘടനയായ അമ്മയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇരു സംഘടനകളും നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു. വിഷയത്തിൽ ഉടൻ ചർച്ച നടത്തുമെന്ന് നിര്‍മ്മാതാക്കൾ അറിയിച്ചു. സിനിമാ മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും സാങ്കേതിക വിദഗ്ധരും പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

25 മുതൽ 50 ശതമാനം വരെ കുറയ്ക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തിൽ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. നിർമ്മാതാക്കളുടെ ആവശ്യത്തെ അമ്മ അനുകൂലിച്ചെങ്കിലും പരസ്യമായി ആവശ്യപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ തുടര്‍ ചര്‍ച്ചകളിലൂടെ ഇക്കാര്യത്തിൽ പരിഹാരമാകുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ.