എൻസിപി നേതാക്കള്‍ക്കിടയിൽ ഭിന്നത. നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചയായെന്നും 2 സിറ്റിങ് എംഎൽഎമാര്‍ തന്നെ മത്സരിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ തോമസ് കെ തോമസ്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചയായില്ലെന്നാണ് എകെ ശശീന്ദ്രനും പിസി ചാക്കോയും പ്രതികരിച്ചത്
മുബൈ: ദേശീയ നേതൃത്വവുമായി ചര്‍ച്ചയ്ക്കെത്തിയ എൻസിപി നേതാക്കള്‍ക്കിടയിൽ ഭിന്നത. നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചയായെന്നും നിലവിലുള്ള രണ്ട് സിറ്റിങ് എംഎൽഎമാര്‍ തന്നെ മത്സരിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ തോമസ് കെ തോമസ് ശരദ് പവാറുമായുള്ള ചര്‍ച്ചയ്ക്കുശേഷം വ്യക്തമാക്കിയപ്പോള്‍ നിയസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചയായിട്ടില്ലെന്നാണ് എകെ ശശീന്ദ്രനും പിസി ചാക്കോയും വ്യക്തമാക്കിയത്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേതാക്കള്‍ക്കിടയിലെ ഭിന്നതയാണ് ഇതോടെ മറനീക്കി പുറത്തുവന്നത്. കുട്ടനാട്ടിൽ താനും എലത്തൂരിൽ എകെ ശശീന്ദ്രനും തന്നെ വീണ്ടും മത്സരിക്കുമെന്നും ശരദ് പവാര്‍ ഇത്തരത്തിൽ നിര്‍ദേശം നൽകിയെന്നും തോമസ് കെ തോമസ് പറഞ്ഞു. മൂന്നാമത്തെ സീറ്റിൽ ആരെന്നത് പിന്നീട് തീരുമാനിക്കുമെന്നും പവാറിന്‍റെ നിര്‍ദേശത്തെ സംസ്ഥാന കമ്മിറ്റി മറികടക്കാൻ സാധ്യതയില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. കുട്ടനാട് സിപിഎമ്മിന് വിട്ടുകൊടുക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. എൻസിപിയുടെ സിറ്റിങ് സീറ്റ് ആയ കുട്ടനാട് ആര്‍ക്കും നൽകുകയില്ല. അത്തരത്തിലുള്ള ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും എൻസിപി സംസ്ഥാന അധ്യക്ഷൻ മാറ്റാനും ചര്‍ച്ച നടന്നിട്ടില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോയെന്നും തദ്ദേശ തെരഞ്ഞെടുപ്പും അതിനുശേഷവുമുള്ള കാര്യങ്ങളാണ് ഇന്ന് ചര്‍ച്ചയായതെന്നുമാണ് എകെ ശശീന്ദ്രൻ പ്രതികരിച്ചത്. സംഘടന കാര്യങ്ങൾ മാത്രമാണ് ചർച്ചയായതെന്നും നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ച ചെയ്തില്ലെന്നും പിസി ചാക്കോ പറഞ്ഞു.



