പൂളിലെ മുഴുവൻ വെള്ളവും നീക്കം ചെയ്യണമെന്നും പൂൾ ഭിത്തി തേച്ചുരച്ച് ശുചീകരിക്കണമെന്നും ആരോ​ഗ്യവകുപ്പ് നിർദേശം നൽകി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വിമ്മിംഗ് പൂളിൽ നിന്ന് അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട 17 കാരന്‍റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. മറ്റു മൂന്ന് കുട്ടികൾക്കും ഇത് വരെ രോഗ ലക്ഷണങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും ഇവര്‍ നിരീക്ഷണത്തിലാണ്. പൂളിലെ മുഴുവൻ വെള്ളം നീക്കം ചെയ്യാനും പുതുതായി വെള്ളം നിറയ്ക്കുമ്പോൾ നിശ്ചിത അളവിൽ ക്ലോറിൻ നിലനിർത്തണമെന്നും ആവശ്യപ്പെട്ട് ആക്കുളം ടൂറിസ്റ്റ് വില്ലേജ് അധികൃതർക്ക് ആരോഗ്യവകുപ്പ് കർശനം നിർദ്ദേശം നല്‍കിയിട്ടുണ്ട്. പൂവാര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയും സുഹൃത്തുക്കളും ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂളിൽ ഇറങ്ങുന്നത് കഴിഞ്ഞ ഓഗസ്റ്റ് 16 നാണ്. സംഘത്തിലുണ്ടായിരുന്നത് നാല് പേര്‍. രണ്ടാമത്തെ ദിവസം തന്നെ കുട്ടിക്ക് കടുത്ത തലവേദനയും പനിയും ഉണ്ടായി.ശാരീരിക അസ്വസ്ഥത കൾ കൂടിയതോടെ ആദ്യം നിംസിൽ ചികിത്സാ തേടി. 

പിന്നീട് അനന്തപുരി ആശുപത്രിയിൽ എത്തി. അമീബിക് മസ്തിഷ്ക്ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടതോടെ സാംപിളുകള്‍ കോയമ്പത്തൂരിലെ ലാബിൽ പരിശോധനക്ക് അയച്ചു. രോഗം സ്ഥിരീകരിച്ച് ഇന്നലെ ഫലം വന്നതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 17 കാരന്‍റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ് . മറ്റു മൂന്ന് കുട്ടികൾക്കും ഇത് വരെ രോഗ ലക്ഷണങ്ങൾ ഇല്ല. എല്ലാവരും സ്കൂൾ, ട്യൂഷൻ സെന്ററിലെ സഹപാഠികളാണ് . പൂളിലെ വെള്ളം 17 കാരന്റെ മൂക്കിലൂടെ കയറിയതാണ് രോഗ കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നത്.

രോഗം പിടിപെടുന്നതിന് മുൻപായി വേറെ ഏതെങ്കിലും ജലാശയത്തിൽ പതിനേഴുകാരൻ കുളിച്ചിട്ടില്ല.ആക്കുളത്തെ പൂളിൽ നിന്ന് ഇന്നലെ ശേഖരിച്ച സാമ്പിളിന്‍റെ ഫലം ചൊവ്വാഴ്ച ലഭിക്കും. ഇതിന് ശേഷം തുടർന്നടപടികളിലേക്ക കടക്കും. പൂളിലെ മുഴുവൻ വെള്ളവും നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ടൂറിസ്റ്റ് വില്ലേജ് നടത്തുന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് ആരോഗ്യവകുപ്പ് കർശനം നിർദ്ദേശം നല്‍കിയിട്ടുണ്ട്. പൂൾ ഭിത്തി തേച്ചുരച്ച് ശുചീകരിക്കണമെന്നും പുതുതായി വെള്ളം നിറയ്ക്കുമ്പോൾ നിശ്ചിത അളവിൽ ക്ലോറിൻ നിലനിർത്തണമെന്നും ഉത്തരവിലുണ്ട്.

അതേ സമയം സ്വിമ്മിംഗ് പൂളില് നിന്നും രോഗം പിടിപ്പെട്ടതോടെ ആശങ്ക ഏറുകയാണ്. ആക്കുളത്തെ പൂള്‍ ആഴ്ചയില് ഒരിക്കൽ ശുചീകരിക്കുകയും ക്ലോറിനേഷന്‍ നടത്തുകയും ചെയ്യുന്നുണ്ട്. മാലിന്യം നിറഞ്ഞ കുളത്തിൽ നിന്നാണ് രോഗം പടരുന്നതെന്നായിരുന്നു ആദ്യം നിഗമനം. പിന്നീട് കിണറുകളും ജലാശയങ്ങളിൽ നിന്നും രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്വിമ്മിംഗ് പൂളിൽ നിന്നും. എവിടെയാണ് ഇനി സുരക്ഷ എന്ന ചോദ്യം ബാക്കിയാകുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming