തിരുവനന്തപുരം: 2020ല്‍ എന്തോ ദുരന്തം ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നതായി അമൃതാനന്ദമയീ. കൊവിഡ് 19നെ കുറിച്ചുള്ള ഫേസ്ബുക്ക് സന്ദേശത്തിലാണ് അമൃതാനന്ദമയീ ഇക്കാര്യം വ്യക്തമാക്കിയത്. 2002ല്‍ കൊവിഡ് പോലെയുള്ള മഹാമാരികളോ പ്രകൃതി ദുരന്തങ്ങളോ ലോകത്ത് സംഭവിക്കുമെന്ന് അമൃതാനന്ദമയീ മുന്നറിയിപ്പ് നല്‍കിയിരുന്നതായും കുറിപ്പില്‍ പറയുന്നു.

അന്ന് മുതല്‍ 'ഓം ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന മന്ത്രം എല്ലാ ദിവസവും ജപിക്കാന്‍ തുടങ്ങിയിരുന്നു. 2020ല്‍ എന്തോ ഒരു ദുരന്തം സംഭവിക്കുമെന്ന് മനസിലാക്കിയതോടെ പ്രത്യേക ധ്യാനം ലോക സമാധാനത്തിനായി ആരംഭിച്ചിരുന്നതായും കുറിപ്പില്‍ പറയുന്നു. കൊവിഡ് 19 മൂലമുണ്ടായ അവസ്ഥകളെ അതിജീവിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ശക്തമായി പ്രാര്‍ത്ഥിക്കുകയും വേണം.

ആശ്രമത്തിന് കേന്ദ്ര, സംസ്ഥാന ആരോഗ്യ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. അത് കൊണ്ട് പ്രതിരോധ നടപടികള്‍ പിന്തുടരേണ്ടതുണ്ട്. എല്ലാവരും ഈ അവസ്ഥയുടെ വ്യാപ്തി ഉള്‍ക്കൊണ്ട് സഹകരിക്കണം. നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ പിഴവ് പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകാം. മരണത്തെ പോലും അമൃതാനന്ദമയീക്ക് ഭയമില്ല. അവസാനം ശ്വാസം വരെ ജനങ്ങള്‍ക്ക് ആശ്വാസം പകരുക എന്നതാണ് തന്‍റെ ആഗ്രഹം.

കഴിഞ്ഞ 45 വര്‍ഷമായി അമൃതാനന്ദമയീയുടെ ഒരു പരിപാടി പോലും റദ്ദാക്കേണ്ടി വന്നിട്ടില്ല. പക്ഷേ, ഇപ്പോള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് ഉത്തരവാദിത്വമാണ്. ഒരു തീവ്രവാദി വീടിന് പുറത്ത് കാത്തിരിക്കുന്ന എന്ന അവസ്ഥയാണ് ഇപ്പോള്‍. എപ്പോള്‍ വാതില്‍ തുറന്ന് പുറത്ത് വന്നാലും അത് നമ്മെ ആക്രമിച്ചേക്കാം. ഈ അവസ്ഥയില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകണമെന്നും അമൃതാനന്ദമയീയുടെ സന്ദേശത്തില്‍ പറയുന്നുണ്ട്. 

കൊറോണ വൈറസ് ഭീതി: അമൃതാനന്ദമയീ മഠത്തില്‍ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക