അമൃതപുരി: വിദേശികളെ കൊവിഡ് മുന്‍കരുതല്‍ എടുക്കാതെ പാര്‍പ്പിച്ചിരിക്കുന്നു എന്ന വാര്‍ത്തയ്ക്കെതിരെ അമൃതാനന്ദമയി ആശ്രമം.  കോവിഡ്-19 രോഗബാധയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യത്തിൽ കഴിഞ്ഞ ഒന്നര മാസത്തോളമായി എല്ലാ ദിവസവും ജില്ലാ മെഡിക്കൽ ഓഫീസർക്ക്, അതാതു ദിവസത്തെ സ്ഥിതിഗതികൾ വ്യക്തമാക്കുന്ന റിപ്പോർട്ട് ആശ്രമത്തിൽ  നിന്നും ഇമെയിൽ മുഖാന്തിരം അയക്കുന്നുണ്ടെന്നാണ് ആശ്രമം അധികൃതര്‍ വ്യക്തമാക്കുന്നത്. 

കൂടാതെ ആലപ്പാട് പഞ്ചായത്തിൽ നിന്നും ആരോഗ്യ പ്രവർത്തകർ എല്ലാ ദിവസവും ആശ്രമം സന്ദർശിക്കുകയും, വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ചൈന, തായ്‌ലന്റ്, ഇറാൻ, ഇറ്റലി, റിപ്പബ്ലിക്ക് ഓഫ്‌ കൊറിയ, സിങ്കപ്പൂർ, മലേഷ്യ, ജപ്പാൻ, തായ്‌വാൻ, വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ളവരെയാണ് ആദ്യഘട്ടത്തിൽ കൊറന്‍റെയ്ന്‍ ചെയ്യാൻ സർക്കാർ നിർദേശിച്ചിരുന്നത്. എന്നിരുന്നാലും സാഹചര്യത്തിന്റെ തീവ്രത കണക്കിലെടുത്ത് വിദേശത്തു നിന്നെത്തിയ എല്ലാവരെയും മഠം ഹോം കൊറന്റൈനിൽ വച്ചിരുന്നു. 

അങ്ങനെ ഫെബ്രുവരി 25നു ശേഷം വിദേശത്തുനിന്നു വന്ന 58 പേരെ ഹോം കൊറന്റൈനിൽ താമസിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും അവരൊന്നും മുറിവിട്ട് പുറത്തുവരികയോ, മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യുന്നില്ല.  

അവരുടെ ആരോഗ്യ വിവരങ്ങൾ ഓരോ ദിവസവും ജില്ലാ മെഡിക്കൽ ഓഫീസിനെയും, പഞ്ചായത്ത് ആരോഗ്യ പ്രവർത്തകരെയും അറിയിക്കുന്നുണ്ട്. എന്ന് മാത്രമല്ല,  മൂന്നാഴ്ചയിലധികമായി ആശ്രമത്തിൽ, വിദേശികളോ സ്വദേശികളോ ആയ ഒരാളെപ്പോലും പുറത്തുനിന്നും പ്രവേശിപ്പിക്കുന്നില്ല. മാർച്ച് 5ന് തന്നെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ആശ്രമം പ്രസിദ്ധീകരിച്ചിരുന്നുവെന്ന് ആശ്രമ അധികൃതര്‍ വ്യക്തമാക്കുന്നു.