തിരുവനന്തപുരം: അരുണാചൽ പ്രദേശിൽ വ്യോമസേന വിമാനം തകർന്ന് വീണ് മരിച്ച മലയാളി സൈനികർക്ക് നാടിന്‍റെ അന്ത്യാ‍ഞ്ജലി. ജനപ്രതിനിധികളും, സാമൂഹ്യരാഷ്ട്രീയ രംഗത്തെ പ്രമുഖരുമടക്കം വൻ ജനാവലിയാണ് സൈനികർക്ക് അന്ത്യാ‌ഞ്ജലി അർപ്പിക്കാൻ എത്തിയത്.

സ്ക്വാ‍ഡ്രൺ ലീഡർ എച്ച് വിനോദ്, സർജന്റ് അനൂപ്കുമാർ, കോർപ്പറൽ എൻ കെ ഷരിൻ എന്നീ സൈനികരുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെയാണ് ബന്ധുക്കൾക്ക് കൈമാറിയത്. ജൂൺ മൂന്നിന് അസമിലെ ജോർഹട്ടിൽ നിന്ന് അരുണാചൽ പ്രദേശിലെ മേചുകയിലേക്കുള്ള യാത്രയ്ക്കിടെ വിമാനം തകർന്ന് വീണത്. പതിമൂന്ന് ദിവസത്തിന് ശേഷമാണ് വിമാനത്തിലുണ്ടായിരുന്ന പതിമൂന്ന് സൈനികരുടേയും മരണം സ്ഥിരീകരിച്ചത്. 

കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കോർപ്പറൽ എൻ കെ ഷരിന്‍റെ മൃതദേഹം രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കളക്ടർ മിർ മുഹമ്മദ്‌ അലി എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. ഷരിൻ പഠിച്ച കുഴിമ്പലോട്ടെ വിദ്യാവിനോദിനി സ്കൂളിന് സമീപത്തെ മൈതാനത്ത് അരമണിക്കൂർ പൊതുദർശനം വെച്ചു. സംസ്ഥാന പൊലീസും വ്യോമസേനയും അന്തിമോപചാരം അർപ്പിച്ചു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

അഞ്ചൽ സ്വദേശി സർജന്റ് അനൂപ് കുമാറിന്‍റെ മൃതദേഹം മന്ത്രി കെ രാജുവിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. അനൂപ് പഠിച്ച ഏരൂർ ഹൈസ്ക്കൂളിൽ പൊതുദർശനത്തിന് വെച്ചതിനുശേഷം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തൃശ്ശൂർ സ്വദേശി സ്ക്വ‍ാ‍ഡ്രൺ ലീഡർ വിനോദിന്റെ മൃതദേഹം കോയമ്പത്തൂരിലെ സുളൂർ എയർഫോഴ്സ് ആസ്ഥാനത്ത് എത്തിച്ചു. വ്യോമസേന ഉദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് സിംഗനെല്ലൂരിലെ വസതിയിൽ പൊതുദർശനത്തിന് ശേഷം സംസ്കരിച്ചു.