Asianet News MalayalamAsianet News Malayalam

300 രൂപ കൈക്കൂലിയിൽ ദോശ ചുട്ടുകൊടുക്കും പോലെ ഹെൽത്ത് കാർഡ്! ഭക്ഷ്യസുരക്ഷ നിയമസഭയിൽ; മന്ത്രിക്കെതിരെ പ്രതിപക്ഷം

ജനറൽ ആശുപത്രിയിൽ നിന്നും 300 രൂപ കൈക്കൂലി വാങ്ങി ദോശ ചുടുന്നത് പോലെ ഹെൽത്ത് കാർഡ് നൽകുന്ന സ്ഥിതിയാണെന്നും കാർഡുകളെല്ലാം 100% കൃത്യമാണെന്ന് മന്ത്രിക്ക് ഉറപ്പിച്ചു പറയാമോയെന്നും പ്രതിപക്ഷം ചോദിച്ചു. 

an adjournment motion in kerala niyamasabha over asianet news reported bribes for issuing health card to ensure food safety apn
Author
First Published Feb 6, 2023, 11:09 AM IST

തിരുവനന്തപുരം : പണം വാങ്ങി ജനറൽ ആശുപത്രിയിൽ പരിശോധനകളില്ലാതെ ഡോക്ടർമാർ ഹെൽത്ത് കാർഡ് വിതരണം നടത്തിയത് സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നിയമസഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം. കൃത്യമായ പരിശോധനയില്ലാതെ ഹെൽത്ത് കാർഡ് ദോശ ചുടുന്നത് പോലെ കൊടുക്കുന്നതായി പ്രതിപക്ഷം കുറ്റപ്പെടുത്തി. ജനറൽ ആശുപത്രിയിൽ നിന്നും 300 രൂപ കൈക്കൂലി വാങ്ങി ദോശ ചുടുന്നത് പോലെ ഹെൽത്ത് കാർഡ് നൽകുന്ന സ്ഥിതിയാണെന്നും കാർഡുകളെല്ലാം 100% കൃത്യമാണെന്ന് മന്ത്രിക്ക് ഉറപ്പിച്ചു പറയാമോയെന്നും പ്രതിപക്ഷം ചോദിച്ചു. 

'സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ പരിശോധിക്കേണ്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ സംവിധാനം ഇല്ല. ഹോട്ടലുകൾ രജിസ്ട്രേഷൻ എടുക്കുന്നില്ല. ഹോട്ടലുകളുടെയും തൊഴിലാളികളുടെയും വിവരങ്ങൾ കൃത്യമായുള്ള ഡാറ്റ ബേസ് പോലും ഇല്ല. വകുപ്പുകൾക്ക് ഏകോപനമില്ലെന്നും വകുപ്പ് മന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.  വളരെ പ്രധാനപ്പെട്ട വിഷയത്തിൽ മന്ത്രി ലാഘവ ബുദ്ധിയോടെ മറുപടി പറയുന്നത് നിർഭാഗ്യകരമാണ്. ഭക്ഷ്യ സുരക്ഷയിൽ കേരളം ഒന്നാം സ്ഥാനത്ത് നിന്നും ഏഴാം സ്ഥാനത്തേക്ക് വീണതായും പ്രതിപക്ഷം കുറ്റപ്പെടുത്തി. 

ഇതിന് മറുപടി നൽകിയ ആരോഗ്യമന്ത്രി വീണാ ജോർജ്, ഹെൽത്ത് കാർഡിൽ സർക്കാർ തീരുമാനം അട്ടിമറിച്ചവർക്കെതിരെ നടപടിയെടുത്തതായി നിയമ സഭയെ അറിയിച്ചു. മെഡിക്കൽ നൈതികതക്ക് എതിരായ നടപടിയാണ് ജനറൽ ആശുപത്രിയിലെ  ഡോക്ടർമാരിൽ നിന്നും ഉണ്ടായത്. തെറ്റ് ചെയ്തവർക്കെതിരെ കശന നടപടിയെടുത്തു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഹെൽത്ത് കാർഡെന്ന 11 വർഷമായുളള നിയമം കർശനമായി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഹെൽത്ത് കാർഡ് ഇല്ലാതെ ഹോട്ടലുകളിൽ ഇനി ജോലി ചെയ്യാൻ കഴിയില്ല. നിയമം നടപ്പിലാക്കുന്നതിന് പ്രതിപക്ഷം ഒപ്പം നിൽക്കണമെന്നും പ്രശ്നത്തെ സമന്യവൽകരിക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

 

Follow Us:
Download App:
  • android
  • ios