തിരുവനന്തപുരം: ഐഎഫ്എഫ്‍കെ വിവാദം അനാവശ്യവും അപ്രസക്തവുമെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. നാല് മേഖലകളിലായി മേള നടത്തുന്നത് താത്കാലികമാണ്. കൊവിഡ് വ്യാപന  ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വലിയ ആൾക്കൂട്ടങ്ങൾ രോഗവ്യാപനത്തിനും ജീവഹാനിക്കും ഇടയാക്കും. ഇത് നിയന്ത്രിക്കേണ്ടത് സർക്കാരിന്‍റെ കടമയാണ്. കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത്തരമൊരു നിയന്ത്രണം എടുക്കാന്‍ നിര്‍ബന്ധിതമായെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. 

ഐഎഫ്എഫ്‍കെ നാല് മേഖലകളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് നിന്നും മേള പലയിടങ്ങളിലായി നടത്തുന്നതിനെ വിമര്‍ശിച്ച് തിരുവനന്തപുരം എംപി ശശി തരൂരും കോണ്‍ഗ്രസ് എംഎല്‍എ കെ എസ് ശബരീനാഥനും രംഗത്തെത്തിയിരുന്നു.  അതേസമയം മേള തിരുവനന്തപുരത്തിന്‍റേതല്ലെന്നും കേരളത്തിന്‍റേതാണെന്നും അതിനാല്‍ത്തന്നെ നാലിടങ്ങളിലായി നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഗമാണെന്നുമാണ് അനുകൂലിക്കുന്നവരുടെ വാദം.