Asianet News MalayalamAsianet News Malayalam

കത്ത് വിവാദം: ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കിയെന്ന് ആനാവൂര്‍ നാഗപ്പന്‍

ആനാവൂരിന്‍റെ മൊഴി എടുത്തിട്ടില്ലെന്നും ഫോണ്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി. 


 

Anavoor Nagappan sought time to give a statement in the letter controversy
Author
First Published Nov 12, 2022, 9:59 AM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. നേരിട്ടാണോ മൊഴി നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആനാവൂര്‍ ആദ്യം മറുപടി പറഞ്ഞിരുന്നില്ല. എന്നാല്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ നേരിട്ടാണ് മൊഴി നല്‍കിയതെന്ന് പറയുകയായിരുന്നു. എഫ്ഐആര്‍ ഇട്ടുള്ള  അന്വേഷണം വേണ്ടേയെന്ന ചോദ്യത്തിന് എങ്ങനെ അന്വേഷണം വേണമെന്ന് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. കത്ത് വ്യാജമാണെന്ന് മേയര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ആനാവൂര്‍ വിശദീകരിച്ചു. 

എന്നാൽ ഫോണിൽ ചില കാര്യങ്ങള്‍ പറഞ്ഞതല്ലാതെ ആനാവൂരിന്‍റെ മൊഴി നേരിട്ട് രേഖപ്പെടുത്തിയിട്ടില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. പാർട്ടി പരിപാടികളുടെ തിരക്ക് പറഞ്ഞ് ആനാവൂര്‍ നേരിട്ട് മൊഴി നൽകാനെത്തിയില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം വിശദീകരിക്കുന്നു. പറയേണ്ടതെല്ലാം മാധ്യമങ്ങള്‍ വഴി അറിഞ്ഞില്ലേ, മേയറും പറഞ്ഞിട്ടുണ്ടല്ലോ, കത്ത് കിട്ടിയിട്ടില്ല, അതിനപ്പുറമൊന്നുമില്ലെന്നായിരുന്നു ഫോണ്‍ വിളിച്ചപ്പോഴും ആനാവൂരിൻെറ പ്രതികരണമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. ജില്ലാ സെക്രട്ടറി മൊഴി തരാതെ മുങ്ങിയെന്ന ആക്ഷേപം ഒഴിവാക്കാനാണ് നേരിട്ട് തന്നെ മൊഴി നൽകിയെന്ന ആനാവൂരിന്‍റെ വിശദീകരണമെന്നാണ് സൂചന. 

അതേസമയം സംസ്ഥാനം തന്നെ ചർച്ച ചെയ്യുന്ന  വിവാദകേസ് അന്വേഷണത്തിൽ എന്താണ് സംഭവിക്കുന്നതിൽ ദുരൂഹത കൂടുകയാണ്. ആരാണ് സത്യം മറച്ചുവെക്കുന്നതെന്ന് വ്യക്തമല്ല. നിയമനത്തിന് കത്ത് തയ്യാറാക്കി എന്ന് സമ്മതിച്ച ഡി ആർ അനിൽ ഇതുവരെ മൊഴി നൽകാനും തയ്യാറാകുന്നില്ല. പ്രാഥമിക അന്വേഷണം മാത്രമായതിനാൽ ക്രൈംബ്രാഞ്ചിന് നോട്ടീസ് നൽകിയും നിർബന്ധിച്ചും മൊഴി രേഖപ്പെടുത്താൻ കഴിയില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്തുള്ള അന്വേഷണം നടക്കാത്തതാണ് യഥാർത്ഥ പ്രശ്നം. ഇതിനിടെ കത്തുകളിലും നിയമനപരാതികളും വിജിലൻസ് അന്വേഷണം തുടങ്ങി. പരാതി നൽകിയ കോൺണഗ്രസ് നേതാവും മുൻ കൗൺസിലറുമായ ശ്രീകുമാറിൽ നിന്നും വിജിലൻസ് മൊഴിയെടുത്തു. വിജിലൻസ് തിങ്കളാഴ്ച മേയറുടെ മൊഴി രേഖപ്പെടുത്തും. 

Follow Us:
Download App:
  • android
  • ios