അടൂർ: പാമ്പിനെ കൊണ്ട് കൊത്തിച്ച് ഭർത്താവ് കൊലപ്പെടുത്തിയ അഞ്ചൽ സ്വദേശി ഉത്രയുടെ ഒരു വയസുള്ള മകനെ അമ്മയെ വീട്ടുകാർക്ക് വിട്ടു കൊടുത്തു. ഉത്രയുടെ ഭർത്താവും കൊലയാളിയുമായ സൂരജിൻ്റെ അഞ്ചലിലെ വീട്ടിലായിരുന്ന കുഞ്ഞിനെ ചൊവ്വാഴ്ച രാവിലെ പൊലീസ് ഏറ്റെടുക്കുകയായിരുന്നു. സ്വകാര്യ വാഹനത്തിൽ മഫ്തിയിലെത്തിയ അടൂർ സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് സൂരജിൻ്റെ വീട്ടുകാരിൽ നിന്നും കുട്ടിയെ ഏറ്റുവാങ്ങിയത്. 

അടൂർ പൊലീസിൽ നിന്നും കുഞ്ഞിനെ അഞ്ചൽ പൊലീസ് ഏറ്റുവാങ്ങും തുടർന്ന് ഉത്രയുടെ മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറും.  ഉത്രയുടെ വീട്ടുകാരുമായി അടൂരിലെ സൂരജിൻ്റെ വീട്ടിലെത്തി കുഞ്ഞിനെ നേരിട്ടേറ്റു വാങ്ങാനാണ് പൊലീസ് ആദ്യം തീരുമാനിച്ചതെങ്കിലും ഈ നിർദേശം ഉത്രയുടെ വീട്ടുകാർ തള്ളി. ഇതിനിടെ ഉത്രയുടെ കുഞ്ഞിനേയും കൊണ്ട് സൂരജിൻ്റെ അമ്മ ഒളിവിൽ പോയതും അനിശ്ചിതത്വം സൃഷ്ടിച്ചു. 

ശിശു ക്ഷേമസമിതിയുടെ ഉത്തരവിന് പിന്നാലെ കുഞ്ഞിനെ വിട്ടുതരണം എന്ന് ആവശ്യപ്പെട്ട്  ഇന്നലെ വൈകിട്ട് തന്നെ ഉത്രയുടെ പിതാവ് അടൂർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. അടൂർ പൊലീസിൻ്റെ ആവശ്യപ്രകാരം അഞ്ചൽ പൊലീസ് സൂരജിൻ്റെ വീട്ടിലെത്തിയപ്പോൾ ആണ് കുഞ്ഞ് വീട്ടിൽ ഇല്ലെന്ന വിവരമറിയുന്നത്. തുടർന്ന് സൂരജിൻ്റെ ബന്ധുക്കളുടെ വീടുകളിലടക്കം പരിശോധന നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. 

ബന്ധുവീട്ടിലായിരുന്ന സൂരജിൻ്റെ കുട്ടിയെ സൂരജിൻ്റെ അച്ഛൻ സുരേന്ദ്രനാണ് രാത്രിയോടെ തിരികെ വീട്ടിലെത്തിച്ചത്. പൊലീസ് സാന്നിധ്യത്തിലാണ് കുട്ടിയെ തിരികെ കൊണ്ടു വന്നത്. പിന്നാലെ വനിതാ പൊലീസ് എത്തി കുട്ടിയെ ഏറ്റുവാങ്ങുകയായിരുന്നു. കുഞ്ഞുമായി സൂരജിൻ്റെ അമ്മ എറണാകുളത്ത് വക്കീലിനെ കാണാൻ പോയന്നാണ് സൂരജിൻ്റെ കുടുംബത്തിൻ്റെ വാദം. കുട്ടിയെ ഒളിപ്പിച്ചു വെച്ചാൽ കേസെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതോടെയാണ് കുട്ടിയെ തിരികെ വീട്ടിലെത്തിക്കാൻ സൂരജിൻ്റെ കുടുംബം തയ്യാറായത്. 

അതിനിടെ ഉത്രയെ കടിച്ച പാമ്പിന്റെ ജഡം ഇന്ന് പുറത്ത് എടുത്ത് പോസ്റ്റ്മോർട്ടം നടത്തും. ഫോറൻസിക് വിദഗ്ദരുടെ സാന്നിധ്യത്തിൽ വെറ്ററനറി ഡോക്ടർമാരാണ് പരിശോധന നടത്തുക ശാസ്ത്രിയ തെളിവെടുപ്പിന്റെ ഭാഗമായാണ് പോസ്റ്റ്മോർട്ടം.