നിലവിൽ വടകര താലൂക്ക് ഓഫീസിന് സമീപമുള്ള കെട്ടിടങ്ങളിലെ ചെറിയ തീപിടുത്തവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത 3 കേസുകളിലാണ് സതീഷ് നാരായണയെ അറസ്റ്റ് ചെയ്തത്. താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ടു രെജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ തെളിവ് വേണമെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട്: വടകര തീപിടുത്തത്തിൽ (Vadakara Fire) ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാ (Andhra) സ്വദേശി സതീഷ് നാരായണയെ (Satheesh Narayana) ആണ് അറസ്റ്റ് ചെയ്തത്. നിലവിൽ വടകര താലൂക്ക് ഓഫീസിന് സമീപമുള്ള കെട്ടിടങ്ങളിലെ ചെറിയ തീപിടുത്തവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത 3 കേസുകളിലാണ് സതീഷ് നാരായണയെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു അറസ്റ്റ്താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ടു രെജിസ്റ്റർ ചെയ്ത കേസിൽ കൂടുതൽ തെളിവ് വേണമെന്ന് പൊലീസ് പറഞ്ഞു. താലൂക്ക് ഓഫീസ് തീപിടുത്തത്തിന്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല.
സതീഷ് നാരായണയുടെ മാനസിക നില പരിശോധിക്കും. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നു അന്വേഷണത്തിൽ വ്യക്തമാകണം. വിവിധ ഭാഷകൾ സംസാരിക്കുന്ന ഇയാളുടെ സ്വദേശമടക്കം ഇനിയും കണ്ടെത്തണം. ഇയാളുടെ ബന്ധുവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അവഗണിച്ചത് പരിശോധിക്കും. ഇയാളുടെ സാമൂഹ്യ മാധ്യമ അകൗണ്ടുകൾ പരിശോധിക്കുന്നുണ്ട്. ഫയർ ഫോഴ്സ് റിപ്പോർട്ട് തേടിയിട്ടുണ്ട് എന്നും വടകര റൂറൽ എസ് പി അറിയിച്ചു.
ഇന്നലെ കസ്റ്റഡിയിലെടുത്ത സതീഷ് നാരായണയുമായി നേരത്തെ പൊലീസ് വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. നേരത്തെ ചെറിയ തീപിടുത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. നേരത്തെ തീപിടുത്തമുണ്ടായ താലൂക് ഓഫീസിനു സമീപത്തെ കെട്ടിടങ്ങളിലും , നഗരത്തിലെ മറ്റൊരു കെട്ടിടത്തിലുമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ഈ കെട്ടിടങ്ങളിൽ ഈ മാസം 12,13 തീയതികളിൽ ഉണ്ടായ ചെറു തീപിടുത്തങ്ങളിൽ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. 13 നു സ്‌പെഷൽ ബ്രാഞ്ചും ഇയാൾ തീയിടൽ തുടരുമെന്ന് മുന്നറിയിപ്പ് നല്കിയെങ്കിലും പൊലീസ് അവഗണിച്ചു. ഈ പശ്ചാത്തലത്തിലാണ് നേരത്തെയുള്ള സംഭവങ്ങളും അന്വേഷണപരിധിയിൽ പൊലീസ് ഉൾപ്പെടുത്തിയത്.
ആവർത്തിച്ചാവശ്യപ്പെട്ടിട്ടും താലൂക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന വിമർശനവും ശക്തമാണ്. അതിനിടെ താലൂക്ക് ഓഫീസ് താത്കാലിക കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
