ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ക്ലാസ്മുറിയിൽ വിദ്യാർത്ഥികളെക്കൊണ്ട് കാൽ തിരുമ്മിച്ച അധ്യാപികയെ വീഡിയോ പ്രചരിച്ചതോടെ സസ്പെൻഡ് ചെയ്തു. കാൽ തെന്നി വീണതിനെ തുടർന്നുണ്ടായ വേദന കാരണം കുട്ടികൾ സ്വയം സഹായിച്ചതാണെന്നാണ് അധ്യാപികയുടെ വിശദീകരണം.
ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ക്ലാസ്മുറിയിൽ വച്ച് കുട്ടികളെ കൊണ്ട് കാല് തിരുമ്മിച്ച അധ്യാപികയ്ക്ക് സസ്പെൻഷൻ. മെലിയാപ്പുട്ടിയിലെ ബന്ദപ്പള്ളി ഗേൾസ് ട്രൈബൽ ആശ്രമം സ്കൂളിലാണ് സംഭവം. ക്ലാസ് മുറിയിൽ പ്ലാസ്റ്റിക് കസേരയിലിരുന്ന അധ്യാപികയുടെ കാൽ നിലത്തിരുന്ന കുട്ടികൾ തിരുമ്മിക്കൊടുക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
സംഭവത്തിൽ അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്ന് സംയോജിത ഗോത്ര വികസന ഏജൻസി സീതാംപേട്ട പ്രൊജക്ട് ഓഫീസർ പവാർ സ്വപ്നിൽ ജഗന്നാഥ് അറിയിച്ചു. ഈ സംഭവം നടന്നതിൻ്റെ തലേദിവസം കാല് തെന്നി വീണെന്നും ഇതേ തുടർന്ന് കാൽമുട്ടിന് കടുത്ത വേദനയായിരുന്നുവെന്നും അധ്യാപിക പറയുന്നു. വേദനയുടെ വിവരം അറിഞ്ഞ് കുട്ടികൾ സ്വയമേ വേദന മാറ്റാൻ സഹായിച്ചതാണെന്നും അധ്യാപിക വിശദീകരണ കുറിപ്പിൽ മറുപടി നൽകി. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് അധ്യാപികയെ സസ്പെൻ്റ് ചെയ്തത്. ഇവരുടെ പേര് പുറത്തുവന്നിട്ടില്ല.
വകുപ്പ് തല അന്വേഷണം അവസാനിക്കുന്നത് വരെയാണ് സസ്പെൻഷന് ഉത്തരവിട്ടിരിക്കുന്നത്. ഇത്തരത്തിൽ കുട്ടികളെ കൊണ്ട് ഓരോ പ്രവർത്തികൾ ചെയ്യിപ്പിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം ലംഘിക്കുന്നതിന് തുല്യമെന്നാണ് ചട്ടം പറയുന്നത്.
