അങ്കമാലിയിൽ വാഹനാപകടത്തിൽ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ പൊലീസിനെതിരെ കുടുംബം. 6 ദിവസമായി അപകടം നടന്നിട്ടും പ്രതിയെ പിടികൂടിയിട്ടില്ലെന്ന്  മരിച്ച ജാസ്‍ലിയയുടെ കുടുംബം. സാധാരണക്കാരന്‍റെ സ്വപ്നങ്ങള്‍ക്ക് ഇവിടെ വിലയില്ലേയെന്നും ജാസ്‍ലിന്‍റെ സഹോദരൻ 

കൊച്ചി: അങ്കമാലിയിൽ വാഹനാപകടത്തിൽ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ പൊലീസിനെതിരെ കുടുംബം. ആറു ദിവസമായി അപകടം നടന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയിട്ടില്ലെന്ന് അപകടത്തിൽ മരിച്ച ജാസ്‍ലിയയുടെ കുടുംബം വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു. സാങ്കേതിക വിദ്യ ഇത്രയധികം വളര്‍ന്നിട്ടും പ്രതിയെ പിടികൂടാൻ എന്താണ് ഇത്ര താമസമെന്നും ജാസ്‍ലിയയുടെ അച്ഛൻ ജോണ്‍സണ്‍ ചോദിച്ചു. പ്രതി ഡോക്ടറാണ്. സമ്പന്ന കുടുംബമാണ് പ്രതിയുടേതെന്നാണ് അറിയാൻ കഴിഞ്ഞത്. സാധാരണക്കാരന്‍റെ സ്വപ്നങ്ങള്‍ക്ക് ഇവിടെ വിലയില്ലേയെന്നും ജാസ്‍ലിയയുടെ സഹോദരൻ ജാസിൻ ചോദിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

പൊലീസ് വിചാരിച്ചാൽ നേരത്തെ പ്രതിയെ പിടികൂടാമായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. ഒരു ഡോക്ടര്‍ ഇത്തരത്തിൽ അപകടമുണ്ടാക്കിയശേഷം രക്ഷപ്പെടാൻ ശ്രമിക്കാമോ? വാഹനം നിര്‍ത്തി ആശുപത്രിയിൽ എത്തിച്ചെങ്കിൽ മകള്‍ രക്ഷപ്പെടുമായിരുന്നുവെന്നും മകള്‍ക്ക് നീതി വേണമെന്നും ജാസ്‍ലിയയുടെ അമ്മ ലിമ പറഞ്ഞു. പൊലീസ് ഇതുവരെ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും പൊലീസിന്‍റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അച്ഛൻ ജോണ്‍സണ്‍ പറഞ്ഞു. പണം മാത്രമാണ് വലുതെന്നും മനുഷ്യന്‍റെ ജീവന് വിലയില്ലെയെന്നും ജോണ്‍സണ്‍ ചോദിച്ചു. പ്രതി മദ്യപിച്ചിരുന്നോ എന്നതിൽ പോലും ഇനി വ്യക്തത കിട്ടില്ല. തിരിച്ചറിഞ്ഞിട്ടും പിടികൂടാൻ വൈകുന്നത് എന്താണ്? ഇടിച്ച വാഹനത്തിന്‍റെ ഫോട്ടോ എടുക്കാൻ പോലും പൊലീസ് സമ്മതിക്കാത്തത് എന്തുകൊണ്ടാണെന്നും കുടുംബം ചോദിച്ചു.

മുൻകൂര്‍ ജാമ്യം തേടി പ്രതി

അതേസമയം, ജാസ്‍ലിയയുടെമരണത്തിനിടയാക്കിയ അങ്കമാലിയിലെ അപകടത്തിലെ പ്രതി മുൻകൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. കേസിൽ പ്രതിയായ ഡോക്ടർ സിറിയക്ക് പി ജോർജ് ആണ് കോട്ടയം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകിയത്. അതേസമയം, മുൻ‌കൂർ ജാമ്യത്തെ എതിർക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും വൈദ്യ സഹായം ഉറപ്പാക്കേണ്ട ഡോക്ടർ ആണ് പ്രതിയെന്നും എന്നിട്ടും വാഹനം നിർത്തിയില്ലെന്നും സിറിയക്ക് ചെയ്തത് ഗുരുതര കുറ്റമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. ജാസ്‍ലിയ എന്ന 19കാരിയുടെ മരണംആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് ആലുവ റൂറൽ എസ്പി വ്യക്തമാക്കിയത്. പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

YouTube video player