രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ എഐസിസി അംഗമായിരുന്ന കെഎം അഭിജിത്തിനെയും ഇത്തവണ ഒഴിവാക്കി

തിരുവനന്തപുരം: പ്ലീനറി സമ്മേളനത്തിനുള്ള എഐസിസി അംഗങ്ങളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസില്‍ അമര്‍ഷം. ഉമ്മന്‍ചാണ്ടിയുടെ അസാന്നിധ്യത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ എ ഗ്രൂപ്പിനാണ് കനത്ത നഷ്ടം. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ എഐസിസി അംഗമായിരുന്ന കെഎം അഭിജിത്തിനെയും ഇത്തവണ ഒഴിവാക്കി

വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണം 47 ആയി ചുരുക്കി. ഇതിന് പുറമെ പതിനാറുപേരെ നോമിനേറ്റ് ചെയ്തു. അങ്ങനെ അറുപത്തി മൂന്നംഗ പട്ടിക. എന്നിട്ടും സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ ഉള്‍പ്പടെ കെപിസിസിയുടെ ഏറെ ഭാരവാഹികളും എഐസിസിയിലും എത്തി. അധിക പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിലേറെയും കെ സുധാകരന്‍റെയും കെസി വേണുഗോപാലിന്‍റെയും അനുയായികള്‍. 

പല ജില്ലകളില്‍ നിന്നും പരിഗണിക്കപ്പെടുമെന്ന് കരുതിയ എ ഗ്രൂപ്പ് നേതാക്കള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല. അംഗത്വം നഷ്ടമായവരില്‍ കെഎസ്‍യു മുന്‍സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത്താണ് പ്രമുഖന്‍. കഴിഞ്ഞ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്ത രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ കോണ്‍ഗ്രസ് നേതാവിനെ ഇത്തവണ വെട്ടിയത് തരൂരിനോടുള്ള അടുപ്പം കൊണ്ടെന്നാണ് സൂചന. കോഴിക്കോട് നിന്നും മുന്‍ ഡിസിസി അധ്യക്ഷന്‍ കെസി അബുവിനെയും പരിഗണിച്ചില്ല. ജില്ലയില്‍നിന്ന് പകരം എടുത്തത് കെപിസിസി പ്രസിഡന്‍റിന്‍റെ അറ്റാച്ചഡ് സെക്രട്ടറി കെ ജയന്തിനെ. 

തമ്പാനൂര്‍ രവിയെ അംഗമായി ഉള്‍പ്പെടുത്തിയെങ്കിലും വോട്ടവകാശം ഇല്ല. കെസി അബുവും തമ്പാനൂര്‍ രവിയും ശശി തരൂര്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടവരാണ്. കെഎസ്‍യുവിലും മഹിളാ കോണ്‍ഗ്രസിലും സജീവമായിരുന്ന ഡോ. ഹരിപ്രിയയയും തഴയപ്പെട്ടവരുടെ പട്ടികയിലാണ്. ഒഴിവാക്കിയ എട്ടുപേരില്‍ മൂന്നുപേര്‍ വനിതകള്‍. രണ്ട് എംപിമാര്‍ ഉള്‍പ്പടെ, പട്ടികയിലുള്ളത് ഏഴ് സ്ത്രീകള്‍ മാത്രം

ജംബോ കമ്മറ്റികളെ ഒഴിവാക്കാനാകാതെ തലവേദന, ഡിസിസി പുന:സംഘടന നീളുന്നു