തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതായി കോൺഗ്രസ് എംഎൽഎ അനിൽ അക്കര. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തെ സഹായിക്കാനുള്ള സർക്കാർ ശ്രമം ശരിയല്ലെന്ന് അനിൽ അക്കര തൃശ്ശൂരിൽ പറഞ്ഞു. 

വാർഡ് വിഭജനം രണ്ട് മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് പറയുന്നത് വെറുതെയാണെന്നും, ഇത് നീണ്ട് പോകുമെന്ന് ഉറപ്പാണെന്നും അനിൽ അക്കര പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരാച്ചാരായി മൊയ്തീൻ മാറിയെന്നും, വാർഡ് വിഭജന പ്രക്രിയ അടിയന്തരമായി നിർത്തി വയ്ക്കണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു. 

സുപ്രീംകോടതിയെ സമീപിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് പറയുന്നുണ്ടെങ്കിലും നിയമസഹായം തേടിയാൽ അത് നൽകാൻ തയ്യാറാണെന്നായിരുന്നു തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്ദീൻ വ്യക്തമാക്കിയത്. സെൻസസിന്‍റെ നടപടികളെ വാർഡ് വിഭജനം ബാധിക്കില്ലെന്ന നേരത്തെ മന്ത്രി എസി മൊയ്തീൻ അവകാശപ്പെട്ടിരുന്നു. പുതിയ പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും രൂപീകരിക്കുന്നില്ലെന്നും ഒറ്റ വിഭജനമേ പാടുള്ളൂ എന്ന് സെൻസസ് നിയമത്തിൽ ഒരിടത്തും പറയുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.

വാർഡ് വിഭജനവുമായി മുന്നോട്ട് പോകും. യഥാസമയം തെരഞ്ഞെടുപ്പ് നടത്താനാകുമെന്നായിരുന്നു മന്ത്രിയുടെ നിലപാട്.