കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നി‍ർമാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ സമ‍ർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലൈഫ് മിഷൻ കോഴ ഇടപാടിൽ സിബിഐ പ്രതി ചേർത്തതിന് പിന്നാലെ കരാറുകാരായ യൂണിടാക് പദ്ധതിയിൽ നിന്ന് പിൻമാറിയിരുന്നു.

വടക്കാഞ്ചേരി പദ്ധതിക്ക് കരാർ ലഭിക്കാൻ സ്വർണ്ണക്കടത്ത് കേസ് പ്രതികൾക്കും യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും നാലു കോടി രൂപ കോഴ നൽകിയെന്നാണ് യൂണിടാക് ഉടമകളുടെ മൊഴി. ഫ്ലാറ്റുകളുടെ നി‍ർമാണം നിലച്ച പശ്ചാത്തലത്തിൽ ബദൽ സംവിധാനം ഉണ്ടാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. 

വടക്കാഞ്ചേരി നഗരസഭയിലെ ചരൽപ്പറമ്പിലാണ് വിവാദ ഫ്ലാറ്റ് സമുച്ചയം. രണ്ട് ഏക്കർ സ്ഥലത്ത് 140 ഫ്ളാറ്റുകളാണ് നാലു ബ്ലോക്കുകളിലായുളളത്. സ്ഥലം എംഎൽഎ കൂടിയായ അനിൽ അക്കരയുടെ പരാതിയിലായിരുന്നു വടക്കാഞ്ചേരി ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് സിബിഐ കേസ് എടുത്തത്.