വിദ്യാര്‍ത്ഥിനികൾ ബസ് തടഞ്ഞ വീഡിയോ വര്‍ഗീയ ചുവയോടെ പങ്കുവെച്ചു, ഒടുവില്‍ പോസ്റ്റ് മുക്കി അനില്‍ ആന്റണി
വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസ് യാത്ര പറ്റില്ലെന്ന തരത്തിലായിരുന്നു അനിലിന്റെ കുറിപ്പ്.

തിരുവനന്തപുരം: സ്‌റ്റോപ്പിൽ നിർത്താത്തതിന് ബസ് തടഞ്ഞ് പ്രതിഷേധിച്ച വിദ്യാർത്ഥിനികളുടെ വീഡിയോ വർഗീയ മാനത്തോടെ സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ച പോസ്റ്റ് മുക്കി ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. കാസർകോട് ഭാസ്ക്കര നഗറിൽ ഒരാഴ്ച മുമ്പ് നടന്ന സംഭവമാണ് ഇപ്പോൾ ദുഷ്ടലാക്കോടെ അനില്‍ പങ്കുവച്ചത്. കേരളത്തില്‍ നിന്നുള്ള ദുസൂചനകളെന്ന നിലയിലായിരുന്നു അനിലിന്‍റെ കുറിപ്പ്. വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസ് യാത്ര പറ്റില്ലെന്ന തരത്തിലായിരുന്നു അനിലിന്റെ കുറിപ്പ്.
ഇന്ത്യ സഖ്യത്തിനെതിരെ വിമര്‍ശനത്തോടെയായിരുന്നു സമൂഹമാധ്യമങ്ങളിലെ കുറിപ്പ്. എന്നാല്‍ വീഡിയോയുടെ വസ്തുത പുറത്തുവന്നതോടെ അനില്‍ എയറിലായി. രൂക്ഷ വിമര്‍ശനമാണ് അനിലിന്റെ സമൂഹമാധ്യമങ്ങളിലെ കുറിപ്പുകള്‍ ലഭിക്കുന്നത്. സ്റ്റോപ്പിൽ നിർത്താതെ പോകുന്നത് പതിവായതോടെ ബസ് തടഞ്ഞ വനിതാ കോളേജിലെ വിദ്യാർത്ഥിനികളാണ് വീഡിയോയിലുള്ളത്. കാസർകോട് ജില്ലയിലെ കുമ്പള-മുള്ളേരിയ കെഎസ്ടിപി റോഡിലെ ഭാസ്ക്കര നഗറിലാണ് സംഭവം നടന്നത്. വിദ്യാർത്ഥിനികളാണ് ബസ് തടഞ്ഞത് ചോദ്യം ചെയ്ത ഒരു സ്ത്രീയുമായുള്ള വാക്ക് തർക്കമാണ് ദൃഷ്ടലാക്കോടെ അനില്‍ അടക്കം നിരവധി സമൂഹമാധ്യമ അക്കൌണ്ടുകളിലൂടെ വ്യാപകമായി കേരളത്തിനെതിരെ പ്രചരിപ്പിച്ചത്.
വിദ്യാർത്ഥിനികൾ ഭൂരിഭാഗം പേരും പർദ്ദ ധരിച്ചവർ ആയത് കൊണ്ട് തന്നെ വർഗീയ ചുവയോടെയുള്ളതായിരുന്നു പ്രചാരണം. ഇത് ആദ്യമായല്ല വർഗീയ ചുവയുള്ള വ്യാജ വിവരം പങ്കുവച്ച് അനില്‍ എയറിലാവുന്നത്. സെപ്തംബറില്‍ കൊല്ലത്ത് സൈനികന്റെ പുറത്ത് പിഎഫ്ഐ എന്നെഴുതിയ സംഭവത്തിലും അനിലിന്റെ പ്രതികരണം തെറ്റിധരിപ്പിക്കുന്നതായിരുന്നു. സംസ്ഥാനത്തെ കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ലെന്നും കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ചില ജനവിഭാഗങ്ങളെ പ്രീണിപ്പിക്കുന്നുവെന്നുമായിരുന്നു അനിലിന്റെ കുറിപ്പ്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിൻ കീഴിലുള്ള കേരളം, ഇന്ത്യ മുഴുവനുമായ ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും അനിൽ ആന്റണി പ്രതികരിച്ചത് വ്യാപക ചര്‍ച്ചയായിരുന്നു. സൈനികന്റേത് വ്യാജ പരാതിയാണെന്നും സുഹൃത്തിനെ ഉപയോഗിച്ചാണ് വസ്ത്രം കീറി മുതുകില്‍ പിഎഫ്ഐ എന്ന് എഴുതിയതെന്നും പൊലീസ് കണ്ടെത്തിയതിന് പിന്നാലെ സൈനികനും അയാളുടെ സുഹൃത്തും വ്യാജൻമാരെന്ന് തെളിഞ്ഞു. എന്നാൽ അത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം ഉയർന്നുവരുന്നു എന്ന വസ്തുത ഇല്ലാതാകുന്നില്ലെന്നാണ് അനില്‍ പ്രതികരണത്തെ ന്യായീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം