തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ ബിനീഷ് കൊടിയേരിയെ വിളിച്ചതായി വിവരം. ഇതുസംബന്ധിച്ച ഫോണ്‍ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് അനൂപ് അഞ്ച് തവണ ബിനീഷിനെ വിളിച്ചതായി ഫോൺരേഖകൾ തെളിയിക്കുന്നു. 

ഓഗസ്റ്റ് 21 നാണ് അനൂപ് മുഹമ്മദ് ബെംഗളൂരുവിലെ  കല്യാൺനഗറിലെ ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി പിടിയിലാകുന്നത്. ഇതിന്‍റെ രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 19 ന്  അഞ്ച് തവണയാണ് ഇരുവരും ഫോണിൽ സംസാരിച്ചത്. കോളുകളുടെ നീളം ഒരു മിനിറ്റിൽ താഴെയാണ്. ഓഗസ്റ്റ് 13 ന് രാത്രി 11 മണി കഴിഞ്ഞ് ഇരുവരും ആറ് മിനിറ്റിലേറെ  ഫോണിൽ സംസാരിച്ചതായി രേഖയിൽ നിന്ന് വ്യക്തമാണ്. 

ഓഗസ്റ്റ് മാസത്തിൽ മാത്രം 8 തവണയാണ് ഇരുവരും സംസാരിച്ചത്. ഓഗസ്റ്റ് 19 ന് അനൂപുമായി സംസാരിച്ചുവെന്ന് ബിനീഷ് നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് സമ്മതിച്ചിരുന്നു. എന്നാൽ വല്ലപ്പോഴും മാത്രമമേ വിളിക്കാറുള്ളു എന്നായിരുന്നു ബിനീഷിന്‍റെ വാദം. അനൂപിന് നാട്ടിൽ വരാൻ പണമില്ലാത്തത് കൊണ്ട് ആ ദിവസം 15,000 രൂപ അയച്ചു എന്നും ബിനീഷ് പറഞ്ഞിരുന്നു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ്  മയക്കുമരുന്നുമായി പിടിയിലാകുമ്പോൾ അതേ അനൂപിന്‍റെ കയ്യിലുണ്ടായിരുന്നത് 2,20,00 രൂപയാണ്.