ബെംഗളൂരു: ബെംഗളൂരുവിൽ മകന് ഹോട്ടൽ ബിസിനസ് ആണെന്നാണ് പറഞ്ഞിരുന്നതെന്ന് ലഹരി മരുന്ന്  കേസിൽ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദിന്‍റെ അച്ഛൻ മുഹമ്മദ് ബഷീർ. ബിസിനസിൽ മകനെ സുഹൃത്തുക്കളായിരുന്നു സഹായിച്ചിരുന്നതെന്നും മുഹമ്മദ് ബഷീർ പറ‌ഞ്ഞു. വെണ്ണയിലെ വീട്ടിൽ അനൂപിനെ കാണാൻ മുമ്പ് ബിനീഷ് കോടിയേരി വന്നിട്ടുണ്ടെന്ന് പറ‌ഞ്ഞ മുഹമ്മദ് ബഷീർ അടുത്തകാലത്തൊന്നും ബിനീഷ് ഇവിടെ വന്നിട്ടില്ലെന്നും കൂട്ടിച്ചേർത്തു. 

ബിഎ പഠനത്തിന് ശേഷം മകൻ ബെംഗളൂരുവിലേക്ക് പോയെന്നാണ് അച്ഛൻ മുഹമ്മദ് ബഷീർ പറയുന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഹോട്ടൽ ബിസിനസ് ആരംഭിച്ചത്. വീട്ടിൽ നിന്ന് സഹായം ഒന്നും കൊടുത്തിട്ടില്ല. ജനുവരിയിൽ ആണ് അവസാനമായി മകൻ വീട്ടിൽ വന്നതെന്നും മയക്കുമരുന്ന് ഇടപാടിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും മുഹമ്മദ് ബഷീർ പറയുന്നു. മാധ്യമങ്ങളിലൂടെ ആണ് കഥകൾ കേട്ടതെന്ന് പറഞ്ഞ മുഹമ്മദ് ബഷീർ അടുത്ത കാലത്ത് ഒന്നും ബിനീഷ് കോടിയേരിയെ കണ്ടിട്ടില്ലെന്നും പറഞ്ഞു.