ആലപ്പുഴ: മദ്യം കിട്ടാത്തതിനെ തുടർന്ന് വീണ്ടും കേരളത്തിൽ ആത്മഹത്യ. കായംകുളം പുതുപ്പള്ളി സ്വദേശി രമേശൻ (40) ആണ് സ്വന്തം വീട്ടിൽ വച്ച് ആത്മഹത്യ ചെയ്തത്. വീട്ടിൽ വച്ച് ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു. മദ്യക്ഷാമം മൂലം സംസ്ഥാനത്തുെണ്ടാക്കുന്ന ആത്മഹത്യ പരമ്പരയിൽ ഒടുവിലത്തേതാണ് ഇത്

മദ്യവിൽപന നി‍ർത്തിയ ശേഷം കേരളത്തിലുണ്ടായ ആത്മഹത്യകൾ

വെങ്ങിണിശ്ശേരിയിൽ മദ്യം ലഭിക്കാത്തതിലുള്ള മാനസിക പ്രയാസം മൂലം കെട്ടിട്ട നിർമ്മാണ തൊഴിലാളി ജീവനൊടുക്കി. തൃശൂർ വെങ്ങിണിശേരി സ്വദേശി ഷൈബു (47) ആണ് മരിച്ചത്. ആറാട്ടുകടവ് ബണ്ട് ചാലിൽ മുങ്ങി മരിച്ച നിലയിലാണ് ഷൈബുവിനെ കണ്ടെത്തിയത്.  മദ്യം ലഭിക്കാത്തതു മൂലം ആത്മഹത്യ ചെയ്തുവെന്ന് സംശയിക്കുന്ന സംസ്ഥാനത്തെ ആറാമത്തെ സംഭവമാണിത്. 

മദ്യം ലഭിക്കാത്തതിനെ തുടർന്നുള്ള ആദ്യത്തെ ആത്മഹത്യ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് തൃശ്ശൂരിൽ നിന്നാണ്. തൃശൂർ കുന്നംകുളത്ത് കുളങ്ങര വീട്ടില്‍ സനോജാണ് ആത്മഹത്യ ചെയ്തത്. ബാറുകളും ഔട്ട്ലെറ്റുകളും അടച്ചതോടെ രണ്ടു ദിവസമായി സനോജ് ഏറെ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. 

38 വയസുള്ള സനോജിനെ ഇന്നലെ പുലർച്ചെയാണ് വീടിനടുത്ത് മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യം കിട്ടാത്തതിനാൽ രണ്ട് ദിവസമായി ഇയാൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. വീട്ടിലും പരിസരത്തുമെല്ലാം ഓടി നടക്കുകയായിരുന്നു. രണ്ട് ദിവസമായി  ഭക്ഷണവും കഴിച്ചിട്ടില്ല. പെയിന്റിംഗ്‌ തൊഴിലാളിയായ സനോജ് ദിവസത്തിൽ മൂന്ന് തവണയെങ്കിലും അടുത്തുള്ള ബാറിൽ മദ്യപിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. 

കൊല്ലം കുണ്ടറയിലും മദ്യം ലഭിക്കാത്ത മനോവിഷമം മൂലം യുവാവ് ആത്മഹത്യ ചെയ്ത സംഭവമുണ്ടായി. കുണ്ടറ എസ്കെ ഭവനിൽ സുരേഷാണ്  തൂങ്ങി മരിച്ചത്. സ്ഥിരം മദ്യപാനിയായ ഇയാൾ രണ്ട് ദിവസമായി മാനസിക വിഭ്രാന്തിയിലായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. 

കണ്ണൂർ അഞ്ചരക്കണ്ടിയിലാണ് മറ്റൊരു യുവാവ് തൂങ്ങി മരിച്ചത്. കണ്ണാടി വെളിച്ചം സ്വദേശി വിജിൽ കെ സി ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടർന്നാണ് ഇയാളുടേയും ആത്മഹത്യ എന്നാണ് സൂചന. സ്ഥിര മദ്യപാനിയാണ് ഇയാളെന്നും നാട്ടുകാർ പറയുന്നു. നോർത്ത് പറവൂരിൽ വാസു എന്ന യുവാവും ബെവ്കോ മദ്യശാലകൾ അടച്ചതിന് നാലാം ദിവസം ആത്മഹത്യ ചെയ്തിരുന്നു. ബെവ്കോ മദ്യവിൽപനശാലകൾ പൂട്ടിയതോടെ ഇയാൾ കടുത്ത മാനസിക അസ്വസ്ഥതകൾ കാണിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. 

തിരുവനന്തപുരം ആങ്കോട്ടിലിൽ വയോധികനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതും മദ്യം ലഭിക്കാത്തതു മൂലമുള്ള മാനസിക പ്രശ്നങ്ങൾ കാരണമായിരുന്നു എന്നാണ് റിപ്പോർട്ട്. ആങ്കോട് സ്വദേശി കൃഷ്ണൻ കുട്ടിയാണ് ആത്മഹ്ത്യ ചെയ്തത്. സ്ഥിരം മദ്യപാനിയായിരുന്ന ഇയാൾക്ക് മദ്യം ലഭിക്കാത്തത് മൂലം മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. 
 
ആലപ്പുഴ കിടങ്ങംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപം കടത്തിണ്ണയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയതാണ് ഈ നിരയിൽ ചൂണ്ടിക്കാട്ടപ്പെടുന്ന മറ്റൊരു സംഭവം. കാർത്തികപ്പള്ളി സ്വദേശി ഹരിദാസൻ ആണ് മരിച്ചത്.  മദ്യം കിട്ടാത്തത് മൂലം ഇയാൾ  അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ക്ഷേത്രത്തിലെ പുള്ളുവൻ  പാട്ടുകാരനാണ് ആണ് മരിച്ച ഹരിദാസൻ.

കായംകുളത്ത്‌  മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കഴിച്ച യുവാവ്  മരിച്ചതാണ് മറ്റൊരു സംഭവം. കറ്റാനം ഇലിപ്പക്കുളം തോപ്പിൽ വീട്ടിൽ നൗഫലാണ് മരിച്ചത്. 38 വയസായിരുന്നു. ബിവറേജസ്  പൂട്ടിയതിന് ശേഷമുള്ള ദിവസങ്ങളിലെല്ലാം നൗഫൽ ഷേവിങ് ലോഷൻ കഴിച്ചിരുന്നതായാണ് വിവരം. 

അമിതമായി ഷേവിം​ഗ് ലോഷൻ കഴിച്ചതോടെ ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ട നൗഫലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തിരുവനന്തപുരത്തെ സ്പെഷ്യാലിറ്റി ആശുപത്രിയിൽ  എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണർമുക്കിലെ ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്ന നൗഫൽ അവിടെ നിന്നാണ് ലോഷൻ സംഘടിപ്പിച്ചിരുന്നത്. ഭാര്യയും മൂന്നുമക്കളും ഉണ്ട്.

ആത്മഹത്യകൾ കൂടാതെ അനവധി ആത്മഹത്യ ശ്രമങ്ങളും ഇക്കാലയളവിൽ കേരളത്തിൽ റിപ്പോ‍ർട്ട് ചെയ്തു. മലപ്പുറത്ത് രണ്ട് പേ‍ർ മദ്യം ലഭിക്കാത്തതിനെ തുട‍ർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി മന്ത്രി കെടി ജലീൽ വ്യക്തമാക്കിയിരുന്നു. മദ്യം ലഭിക്കാത്ത നിരാശ മൂലം ചങ്ങനാശ്ശേരിയിൽ യുവാവ് ഷോപ്പിം​ഗ് കോപ്ലക്സിന് മുന്നിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാൾക്ക് ​ഗുരുതരമായി പരിക്കേറ്റു.