കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെ തുടർന്ന് അച്ഛൻ ഷിജിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മകൻ ചെയ്തതല്ല എന്നാണ് ഷിജിന്റെ മാതാപിതാക്കൾ പറയുന്നത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരുവയസുകാരന്റെ മരണത്തിൽ അമ്മയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷിജിന്റെ മാതാപിതാക്കൾ. കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെ തുടർന്ന് അച്ഛൻ ഷിജിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മകൻ ചെയ്തതല്ല എന്നാണ് ഷിജിന്റെ മാതാപിതാക്കൾ പറയുന്നത്. കുഞ്ഞിനെ പൂർണ്ണസമയവും പരിപാലിക്കുന്നത് മരുമകളാണെന്നും അവൾ അറിയാതെ ഇത് സംഭവിക്കില്ല എന്നും ഷിജിൻ്റെ മാതാപിതാക്ക‌ളായ വിജയും ഷീലയും പറയുന്നു. മരുമകളെ ചോദ്യംചെയ്യണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

കുഞ്ഞിൻ്റെ കൈ ഒടിഞ്ഞിട്ട് മാസങ്ങളായി എന്നും അതിലും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു. അടിവയറ്റിൽ ക്ഷതമേൽപിച്ചതാണ് കുഞ്ഞിന്റെ മരണകാരണമെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അച്ഛനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. എന്നാൽ കുഞ്ഞിനെ മകൻ കൊലപ്പെടുത്തിയിട്ടില്ലെന്നും മരുമകളെ ചോദ്യം ചെയ്യണമെന്നുമാണ് ഷിജിന്‍റെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്.

നെയ്യാറ്റിന്‍കര കവളാകുളത്ത് വാടക വീട്ടിൽ താമസിക്കുന്ന ഷിജിന്‍റെയും കൃഷ്ണപ്രിയയുടെയും മകൻ ഇഹാൻ കഴിഞ്ഞ പതിനാറിനാണ് മരിച്ചത്. വായിൽ നുരയും പതയും വന്ന നിലയിൽ ആദ്യം ഇഹാനെ നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിലേയ്ക്ക് എത്തിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് അയച്ചെങ്കിലും അവിടെ എത്തും മുമ്പ് കുഞ്ഞ് മരിച്ചു. ബിസ്കറ്റും മുന്തിരിയും നൽകിയത് പിന്നാലെ കുഴഞ്ഞുവീണെന്നായിരുന്നു പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോള്‍ ഷിജിനും കൃഷ്ണപ്രിയയും മൊഴി നൽകിയത്. ഇരുവരെയും വിട്ടയച്ചു.

ഫോറന്‍സിക് സര്‍ജന്‍റെ റിപ്പോര്‍ട്ട് വന്നതിനാലെ പിന്നാലെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. മടിയിൽ ഇരുത്തിയ ശേഷം കൈമുട്ട് കൊണ്ട് അടിവയറ്റിൽ ഏൽപിച്ചതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് കണ്ടെത്തൽ. തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തതോടൊണ് ഷിജിൻ കുറ്റം സമ്മതിച്ചത്. എന്നാൽ കുഞ്ഞിനോട് ഷിജിൻ തരിമ്പും സ്നേഹം കാട്ടിയിരുന്നില്ലെന്നാണ് കൃഷ്ണപ്രിയ പറയുന്നത്. ഒപ്പം കിടത്തുമ്പോഴെല്ലാം പുതപ്പ് കൊണ്ട് കുഞ്ഞിന്‍റെ മുഖം മൂടും. ഇങ്ങനെ ഉപദ്രവിക്കുമെന്ന് കരുതിയില്ലെന്നും നിരന്തര പീഡനമാണ് താനും കുഞ്ഞും ഷിജിന്‍റെ വീട്ടിൽ നേരിട്ടതെന്നാണ് അമ്മ പറയുന്നത്.

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരൻ്റെ മരണം; അച്ഛൻ ഷിജിൻ റിമാൻഡിൽ | Neyyattinkara