Asianet News MalayalamAsianet News Malayalam

അട്ടപ്പാടിയിൽ ഗർഭസ്ഥ ശിശു മരിച്ചു

അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 6 ആയി. കഴിഞ്ഞ 6 മാസത്തിനിടെ 10 ശിശുക്കളും ഇവിടെ മരിച്ചിരുന്നു.

Another infant death in Attappadi
Author
Palakkad, First Published Jun 28, 2022, 8:09 PM IST

പാലക്കാട്: അട്ടപ്പാടിയിൽ ഗർഭസ്ഥ ശിശു മരിച്ചു. മേലേ ചൂട്ടറയിലെ ഗീതുവിന്‍റെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്. 27 ആഴ്ചയായിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന് സ്കാനിംഗിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതേസമയം, അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 6 ആയി. കഴിഞ്ഞ 6 മാസത്തിനിടെ 10 ശിശുക്കളും ഇവിടെ മരിച്ചിരുന്നു.

ഇന്ന് രാവിലെ ചിറ്റൂർ ഊരിലെ ഷിജു - സുമതി ദമ്പതികളുടെ പെൺകുഞ്ഞ്  മരിച്ചിരുന്നു. ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുമതി. ആഗസ്ത് ഒന്നിനായിരുന്നു പ്രസവ തീയ്യതി പറഞ്ഞിരുന്നെങ്കിലും ഇന്ന് രാവിലെ പ്രസവിച്ചു. പക്ഷേ കുഞ്ഞിനെ രക്ഷിക്കാനായില്ല. സ്‍കാനിംഗിൽ ഭ്രൂണാവസ്ഥയിൽ തന്നെ കുഞ്ഞിന്‍റെ തലയിൽ മുഴ കണ്ടെത്തിയിരുന്നു. 

ഈ മാസം 21ന് അട്ടപ്പാടിയിൽ അഞ്ച് മാസം പ്രായമുള്ള ആദിവാസി ഗർഭസ്ഥ ശിശു മരിച്ചിരുന്നു. ഒസത്തിയൂരിലെ പവിത്ര - വിഷ്ണു ദമ്പതിമാരുടെ പെൺകുഞ്ഞാണ് അന്ന് മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ്  പവിത്ര പെൺകുഞ്ഞിന് ജന്മം നൽകിയത്. ഗർഭം അഞ്ചാം മാസം എത്തിയപ്പോൾ ആയിരുന്നു പ്രസവം. 25 ആഴ്ച മാത്രം വളർച്ചയുണ്ടായിരുന്ന ശിശുവിനെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഫ്ലൂയിഡ് കുറഞ്ഞതിനെ തുടർന്നാണ് പവിത്രയെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

കാവുണ്ടിക്കൽ ഊരിലെ മണികണ്ഠൻ-കൃഷ്ണ വേണി ദമ്പതിമാരുടെ  മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞും കഴിഞ്ഞ മാസം അട്ടപ്പാടിയിൽ മരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ പ്രസവത്തിന് ശേഷം ഡിസ്‍ചാർജ് ചെയ‍്‍ത് വീട്ടിലേക്ക് പോകുമ്പോൾ ഗൂളിക്കടവിൽ വെച്ച് കുട്ടിക്ക് അനക്കമില്ലാതാകുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.

Follow Us:
Download App:
  • android
  • ios