പ്രധാനമന്ത്രി മോദിക്ക് ഉസ്ബെക്കിസ്ഥാൻ തങ്ങളുടെ ഉന്നത ബഹുമതിയായ 'ഓർഡർ ഓഫ് ദ ഹൈയസ്റ്റ് ഫ്രണ്ട്ഷിപ്പ്' സമ്മാനിച്ചു. ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബന്ധം സമഗ്ര തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്തിയതായും 2030-ഓടെ വ്യാപാരം അഞ്ചിരട്ടിയാക്കുമെന്നും പ്രഖ്യാപിച്ചു
താഷ്കന്‍റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി. ഉസ്ബെക്കിസ്ഥാൻ തങ്ങളുടെ ഉന്നത ബഹുമതി മോദിക്ക് സമ്മാനിച്ചു. 'ഓർഡർ ഓഫ് ദ ഹൈയസ്റ്റ് ഫ്രണ്ട്ഷിപ്പ്' ബഹുമതിയാണ് ഉസ്ബെക്കിസ്ഥാൻ മോദിക്ക് സമ്മാനിച്ചത്. പുരസ്കാരം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി, ഉസ്ബെക്കിസ്ഥാനോട് നന്ദി അറിയിച്ചു. ഇന്ത്യ - ഉസ്ബെക്കിസ്ഥാൻ ബന്ധം സമഗ്ര തന്ത്ര പ്രധാന പങ്കാളിത്തമായി ഉയർത്തിയെന്ന് മോദി പ്രഖ്യാപിച്ചു. 2030 ൽ ഇന്ത്യ - ഉസ്ബെക്കിസ്ഥാൻ വ്യാപാരം നിലവിലുള്ളതിന്‍റെ അഞ്ചിരട്ടിയാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മധ്യേഷ്യൻ സന്ദർശനത്തിന്‍റെ ഭാഗമായാണ് മോദി, ഉസ്ബെക്കിസ്ഥാനിലെത്തിയത്. ഉസ്ബെക്കിസ്ഥാൻ പ്രസിഡന്‍റുമായി ഉഭയകക്ഷി ചർച്ചയും നടത്തി. ഇന്നലെ താഷ്ക്കന്റിൽ എത്തിയ പ്രധാനമന്ത്രിക്ക് രാജ്യം ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. വിവിധ മേഖലകളിൽ പരസ്പര സഹകരണത്തിന് ഇരുരാജ്യങ്ങളും കരാർ ഒപ്പിട്ടു. ഉസ്ബെക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം മോദി നാളെ കിർഗിസ്ഥാനിലെത്തും. ഇവിടെ ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുടിനുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
വലിയ ലക്ഷ്യങ്ങളുടെ ഷാങ്ഹായ് ഉച്ചകോടി
ഇന്നലെ വൈകിട്ട് താഷ്കന്റിൽ എത്തിയ മോദിക്ക് വലിയ വരവേൽപ്പാണ് വിമാനത്താവളത്തിൽ നൽകിയത്. ഉസെക്കിസ്താൻ പ്രസിഡന്‍റ് വിമാനത്താവളത്തിൽ എത്തിയ മോദിയെ സ്വീകരിച്ചു. ശേഷം ഉസെക്കിസ്താൻ പ്രസിഡന്‍റ് മോദിക്ക് അത്താഴവിരുന്നും നൽകി. ഇന്ന് ഉസ്ബെക്കിസ്ഥാൻ യോഗ ഫെഡറേഷൻ സംഘടിപ്പിക്കുന്ന യോഗ പരിപാടിയിൽ മോദി പങ്കെടുത്തു. ഇതിന് ശേഷമാണ് പ്രസിഡന്‍റുമായുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. പരസ്പരം സഹകരണത്തിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. ശേഷം താഷ്കന്‍റിലെ ലാൽ ബഹൂദൂർ ശാസ്ത്രി സ്മാരകത്തിലടക്കം പരിപാടികളിലും മോദി പങ്കെടുത്തു. ഇന്ന് രാത്രിയോടെ കിർഗിസ്ഥാനിലേക്ക് തിരിക്കുന്ന മോദി നാളെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിൽ ഭീകരവാദം ചർച്ച ചെയ്യുമെന്ന് മോദി യാത്രയ്ക്ക് മുൻപേ വ്യക്തമാക്കിയിരുന്നു. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ട്. ഇന്ത്യ - റഷ്യ തന്ത്രപ്രധാന ബന്ധം, പ്രതിരോധം, ഊർജ്ജ സഹകരണം എന്നിവ ചർച്ചയാകുമെന്നാണ് സൂചന. ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻ പിങ്ങും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷവും ഉച്ചകോടി വിലയിരുത്തും. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും ഉച്ചകോടിക്കെത്തുന്നുണ്ട്. കിർഗിസ്ഥാനിൽ നടക്കുന്ന 6 -ാമത് വേൾഡ് നോമാഡ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലും മോദി പങ്കെടുക്കും. മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാനവും സാമ്പത്തികവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ലക്ഷ്യം.
