സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്ത് വെച്ച് ആണ് പാമ്പുകടിയേറ്റത്. വിശാലാക്ഷിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാമ്പു കടിയേറ്റ് ഇന്ന് സംസ്ഥാനത്ത് രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷിയാണ് (75) മരിച്ചത്. വീടിന് സമീപത്ത് വെച്ച് ആണ് പാമ്പുകടിയേറ്റത്. വിശാലാക്ഷിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാമ്പു കടിയേറ്റ് ഇന്ന് സംസ്ഥാനത്ത് രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസ (70) മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ശംഖുവരയൻ പാമ്പാണ് കടിച്ചത് എന്നാണ് സംശയം. ഇതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് അഞ്ചു പേരാണ് മരിച്ചത്.
അതേസമയം, എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിളയെയാണ് കടിച്ചത്. ചെറായിയിലെ റിസോർട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു. കാലിന്റെ വിരലിനാണ് പാമ്പ് കടിയേറ്റത്. പറവൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശർമിളയെ തുടർ ചികിത്സക്കായി മഞ്ഞലി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏത് പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലത്തും ഒരാൾക്ക് പാമ്പ് കടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് രാവിലെ പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്. കൂടെയുണ്ടായിരുന്നവർ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടർമാർ. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും. അതേസമയം, തൃശൂരിൽ പാമ്പുകടിയേറ്റ അനോഷിന്‍റെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.
പത്തനംതിട്ട മല്ലപ്പള്ളി മുരണിയിൽ ഒരാൾക്ക് പാമ്പുകടിയേറ്റു. വെൽഡിംഗ് തൊഴിലാളി രതീഷനാണ് കടിയേറ്റത്. വെൽഡിങ് ഉപകരണങ്ങൾ എടുത്ത ശേഷം മുറിക്കുള്ളിൽ അവ തിരികെ വെച്ചപ്പോൾ ആണ് പാമ്പ് കടിച്ചത്. മറ്റ് ഉപകരണങ്ങൾക്ക് ഇടയില് ഇരുന്ന പാമ്പ് ആണ് കടിച്ചത്. കൈവിരലിൽ ആണ് കടിയേറ്റത്. പാമ്പിനെ രതീഷ് കുടഞ്ഞ് എറിഞ്ഞു. പിന്നാലെ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിഎങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇതിനിടെ, കായംകുളത്ത് 42 കാരി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. സെലീനയ്ക്ക് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന് പിതാവ് സമീർ ആരോപിച്ചു. കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകും. കഴിഞ്ഞ വ്യാഴാഴ്‌ച വൈകുന്നേരമാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. പിന്നാലെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആന്‍റി വെനം നൽകുന്നതിൽ ഉൾപ്പടെ വീഴ്ച സംഭവിച്ചതായി ബന്ധുക്കൾ അന്നേ ആരോപണം ഉയർത്തിയിരുന്നു. പാമ്പ് കടിയേറ്റതിന്‍റെ ലക്ഷണങ്ങൾ ഇല്ലായിരുന്നു എന്നും ചികിത്സ നൽകിയതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നുമായിരുന്നു ആശുപത്രിയുടെ വിശദീകരണം. എന്നാൽ, ആശുപത്രി അധികൃതകരുടെ വാദം തള്ളുകയാണ് കുടുംബം. ഒരു തരത്തിലുള്ള പരിഗണയോ ചികിത്സയോ നൽകിയില്ലെന്ന് സെലീനയുടെ പിതാവ് സമീർ ആരോപിച്ചു.
പാമ്പ് കടിച്ചാൽ എന്ത് ചെയ്യണം?
- 80% പാമ്പുകൾക്കും വിഷമില്ല
- പാമ്പ് കടിയേറ്റാൽ പരിഭ്രമിക്കാതെ ഇരിക്കണം
- പേടിച്ചാൽ വിഷം വേഗത്തിൽ പടരും
- കടിയേറ്റ ഭാഗം അനക്കരുത്
- ആന്റിവെനമുള്ള ആശുപത്രിയിൽ എത്തിക്കണം
- മുറിവ് വൃത്തിയാക്കാൻ ശ്രമിക്കരുത്
- മുറിവിൽ ഐസോ മഞ്ഞളോ വയ്ക്കരുത്
ആന്റിവെനം നൽകുന്നത് എപ്പോൾ?
- ലക്ഷണം നോക്കിയും പാമ്പിനെ കണ്ടെന്ന് ഉറപ്പിച്ചാലും
- പാമ്പുകടിയുടെ മുറിവ് 2 പല്ല് ആഴ്ന്നിറങ്ങിയ പോലെ
- രക്തസ്രാവം, കാഴ്ച്ചക്കുറവ്, ഉമിനീർ ഇറക്കാൻ കഴിയാത്ത അവസ്ഥ എന്നിവ പ്രധാന ലക്ഷണം
- രോഗിയുടെ രക്ത പരിശോധന പ്രധാനം
- രക്തം കട്ടയാകാൻ വൈകുന്നോ എന്നത് പ്രധാനം
- പാമ്പ് കടിക്കുള്ള ഏക മരുന്നാണ് ആന്റിവെനം



