Asianet News MalayalamAsianet News Malayalam

Ansi Kabeer : മോഡലുകളുടെ മരണം; ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് ഹോട്ടലുടമ, അന്വേഷണം ശക്തമാക്കി പൊലീസ്

ഹോട്ടലുടമ റോയ് വയലാടിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആൻജിയോപ്ളാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് റോയി മറുപടി നൽകിയത്...

Ansi Kabeer death; police sent notice to hotel owner for questioning
Author
Kochi, First Published Nov 24, 2021, 9:15 AM IST

കൊച്ചി: മിസ് കേരള അൻസി കബീർ (Ansi Kabeer) ഉൾപ്പെടെ മരിച്ച കാറപകടത്തിൽ (Car Accident) ഹാർഡ് ഡിസ്ക് നശിപ്പിച്ചതിന് പിന്നിലെ അന്വേഷണം പൊലീസ് ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി ഡിജെ പാർട്ടി (DJ Party) നടന്ന ഹോട്ടലിന്‍റെ ഉടമ റോയ് വയലാടിന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആൻജിയോപ്ളാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്നാണ് റോയി മറുപടി നൽകിയത്.

ഹാർഡ് ഡിസ്ക് നശിപ്പിക്കാൻ ഉപയോഗിച്ച ഇന്നോവ കാർ പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാർട്ടി നടന്ന ഹോട്ടലിൽ ഉപയോഗിക്കുന്ന കാറാണിത്. ഈ കാർ ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഡിജെ പാർട്ടിയിൽ പങ്കെടുത്ത ചിലർ അപകടം നടന്നതിന് പിന്നാലെ വിദേശത്തേക്ക് പോയിട്ടുണ്ട്. വീഡിയോ കോൺഫറൻസ് വഴി ഇവരുടെ മൊഴിയെടുക്കും. 

അപകടം നടന്ന അന്ന് പുലർച്ചെയാണ് ഹാർഡ് ഡിസ്ക്  ഉപേക്ഷിച്ചത്. മൂന്നും നാലും പ്രതികളായ വിഷ്ണു കുമാർ, മെൽവിൻ എന്നിവരാണ് കാർ ഉപയോഗിച്ചത്. ഹാര്‍ഡ് ഡിസ്ക്കിനായി പൊലീസിന്‍റെ ആവശ്യപ്രകാരം കണ്ണങ്കാട് പാലത്തിനു സമീപം കായലിൽ കോസ്റ്റുഗാർഡ് തെരച്ചിൽ നടത്തയിരുന്നു. 

അതേസമയം കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിൽ ലഹരി മരുന്ന് പാർട്ടി നടന്നോയെന്ന് എക്സൈസ് അന്വേഷിക്കുന്നുണ്ട്. ദേശീയ പാതയിലെ അപകടത്തിന് മുമ്പ് മുൻ മിസ് കേരള അടക്കമുളളവർ പങ്കെടുത്ത ‍ഡിജെ പാ‍ർ‍ട്ടിയെപ്പറ്റി  പൊലീസ് എക്സൈസിന് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഹോട്ടലിനെതിരെ മുമ്പും പരാതികിട്ടിയിട്ടുണ്ടെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർട്ടിയിൽ പങ്കെടുത്ത മുഴുവൻ പേരെയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ദൃശ്യങ്ങൾ ലഭിച്ചാൽ മാത്രമെ ആരെല്ലാം പങ്കെടുത്തു എന്നതിൽ വ്യക്തത വരൂ. 

അപകടത്തിൽപ്പെട്ട കാറിനെപ്പിന്തുടർന്ന സൈജുവിനെ നിലവിൽ പ്രതിയാക്കിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ ഒളിവിൽപ്പോയ സൈജുവിനായി അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. അൻസി കബീറും അഞ്ജനാ ഷാജനും സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടന്ന സൈജു തങ്കച്ചന്റെ മുൻകൂ‍ർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് ഇയാളെ നിലവിൽ പ്രതിചേർത്തിട്ടില്ലെന്ന കാര്യം സർക്കാർ അറിയിച്ചത്. ഇതേത്തുടർന്ന് ഹർജി തീ‍ർപ്പാക്കി. എന്നാൽ സൈജു തങ്കച്ചനേയും അപകടത്തിൽപ്പെട്ട വാഹനമോടിച്ച അബ്ദുൾ റഹ്മാനെയും  ഒരുമിച്ചുരിത്തി ചോദ്യം ചെയ്യാനാണ് ശ്രമമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

Read More: മോഡലുകളുടെ അപകടമരണം;ഹോട്ടലുടമ റോയി വയലാട്ട് മദ്യവും മയക്കുമരുന്നും നൽകിയെന്ന് റിമാന്റ് റിപ്പോർട്

Follow Us:
Download App:
  • android
  • ios