Asianet News MalayalamAsianet News Malayalam

അധ്യാപകനെ ഏൽപിച്ച ഉത്തര കടലാസുകൾ കാണാനില്ല; വിദ്യാർഥികളോട് വീണ്ടും പരീക്ഷ എഴുതാനാവശ്യപ്പെട്ട് എംജി സർവകലാശാല

തൊടുപുഴ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികൾക്കാണ് എംജി സർവകലാശാലായിൽ നിന്നുള്ള ദുരനുഭവം

answer sheets of the fifth semester BCom students of MG University are missing
Author
Kottayam, First Published Jul 15, 2021, 2:37 PM IST

കോട്ടയം: എം ജി സർവകലാശാലയിലെ അഞ്ചാം സെമസ്റ്റർ ബികോം വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാനില്ല. മൂല്യ നിർണയത്തിനായി അധ്യാപകനെ ഏൽപിച്ച 20 വിദ്യാർഥികളുടെ ഉത്തര കടലാസാണ് കാണാതായത്. തൊടുപുഴ ന്യൂമാൻ കോളേജിലെ വിദ്യാർത്ഥികൾക്കാണ് എംജി സർവകലാശാലായിൽ നിന്നുള്ള ദുരനുഭവം.

ബികോം കപ്യൂട്ടർ ആപ്ലിക്കേഷൻ അഞ്ചാം സെമസ്റ്റർ ഫലം വന്നപ്പോൾ 20 പേരുടെ കോസ്റ്റ് അക്കൗണ്ടിംഗ് പരീക്ഷഫലം മാത്രം പ്രസിദ്ധീകരിച്ചില്ല. സർവകലാശാലയിൽ അന്വേഷിച്ചപ്പോഴാണ് 20 പേരുടെയും ഉത്തരക്കടലാസ് കാണാനില്ലെന്ന മറുപടി എത്തിയത്. പരിഭ്രാന്തരായ വിദ്യാർത്ഥികൾ തുടർന്ന് കോളേജ് വഴി ബന്ധപ്പെട്ടപ്പോഴാണ് മൂല്യനിർണയത്തിനായി അധ്യാപകനെ ഏൽപ്പിച്ച ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമായത്. വീണ്ടും പരീക്ഷ എഴുതിയാൽ മാത്രമേ ഫലം പ്രസിദ്ധീകരിക്കു എന്നാണ് സർവകലാശാല അറിയിച്ചതെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.

എന്നാൽ വീണ്ടും പരീക്ഷ എഴുതാനുള്ള രജിസ്ട്രേഷൻ കാലാവധി അവസാനിച്ചിരിക്കുകയാണ്. സർവകശാലായുമായി ബന്ധപ്പെട്ട് വീണ്ടും രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കിയെന്നും ഇതിന് ഫീസ് ഈടാക്കില്ലെന്നും കോളേജ് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം സർവകലാശാലയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയായതിനാൽ ഇന്‍റേണൽ മാർക്ക് അടിസ്ഥാനമാക്കി മൂല്യനിർണയം നടത്തണമെന്നും വീഴ്ച വരുത്തിയ അധ്യാപകനെതിരെ നടപടി വേണമെന്നുമുള്ള നിലപാടിലാണ് വിദ്യാർത്ഥികൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios