Asianet News MalayalamAsianet News Malayalam

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: മക്കളുടെ മൊഴിയെടുക്കും, അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്

കൺവെൻഷൻ സെന്റർ ചുമതലയേൽപ്പിച്ചവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും പൊലീസ് പരിശോധിക്കുന്നത്. ഇവരുമായി മുൻപ് അഭിപ്രായ ഭിന്നതകളുണ്ടായോ എന്നും അന്വേഷിക്കും. 

anthoor case police interrogation for sajan children
Author
Kannur, First Published Jun 28, 2019, 5:56 PM IST

കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. സാജന്റെ മക്കളിൽ നിന്നും മറ്റു കുടുംബാം​ഗങ്ങളിൽ നിന്നും വിശദമായ മൊഴിയെടുക്കും. സാജന്റെ ഭാര്യ ബീനയുടെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.

നൈജീരിയയിൽ വ്യവസായ സംരംഭം നടത്തി വിജയിച്ച സാജന് നഗരസഭ നിഷേധിച്ചാലും കൺവെൻഷൻ സെന്ററിന്റെ  അനുമതിക്ക് ന്യായമായി സമീപിക്കാവുന്ന ഉയർന്ന സ്ഥാപനങ്ങളുണ്ട് എന്നിരിക്കെ ആത്മഹത്യ ചെയ്യാൻ പെട്ടെന്നുള്ള പ്രകോപനമെന്താണ് എന്ന ചോദ്യത്തിനാണ് പൊലീസ് ഉത്തരം തേടുന്നത്.

സാജന്റെ ബാങ്കിടപാടുകളടക്കം സാമ്പത്തിക വിഷയങ്ങൾ ഗൗരവമായി പരിശോധിക്കാനാണ് പൊലീസ് നീക്കം. സാജന്റെ ഡയറിക്കുറിപ്പ് പരിശോധിച്ചതിൽ തന്റെ സ്വപ്ന പദ്ധതി മുടങ്ങിയതിലെ മനോവിഷമം തന്നെയാണ് ആത്മഹത്യയിലേക്ക് നയിച്ച പ്രധാന കാരണമെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. 

കൺവെൻഷൻ സെന്ററിനോട് ചേർന്ന് നിർമ്മിച്ച സാജന്റെ വില്ലകൾ ഭൂരിഭാഗവും വിറ്റുപോയിട്ടുണ്ട്. സാജന്റെയും ഭാര്യയുടെയും ഭാര്യാപിതാവിന്റെയും പേരിലാണ് ഈ രണ്ട് സംരംഭങ്ങളും. സാമ്പത്തിക ബാധ്യതയും കാര്യമായില്ലെന്നാണ് വിവരം. 

കൺവെൻഷൻ സെന്ററിന്റെ ചുമതലയേൽപ്പിച്ചവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇവരുമായി മുൻപ് അഭിപ്രായ ഭിന്നതകളുണ്ടായോ എന്നും അന്വേഷിക്കും. കുടുംബ പ്രശ്നങ്ങളുണ്ടായോ എന്നറിയുന്നതിനാണ് മക്കളുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കുന്നത്.  ഫോൺ രേഖകളടക്കം പരിശോധിക്കും.  

സാജന്റെ ഡയറിക്കുറിപ്പിൽ കൃത്യമായ വിവരങ്ങളില്ലാത്തതാണ് പൊലീസിനെ കുഴക്കുന്നത്.  ഡോക്ടർ അവധിയായതിനാൽ സാജന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും വൈകുകയാണ്.  അന്വേഷണം വഴിതെറ്റുമെന്നതിനാൽ മുൻപ് ഉയർന്ന സംശയങ്ങളെല്ലാം പൊലീസ് അവഗണിച്ചിരുന്നു. സാജന്റെ മരണവുമായി ബന്ധപ്പെട്ട് പി.കെ ശ്യാമളയെ ചോദ്യം ചെയ്യുന്നതിൽ ഇനിയും തീരുമാനമായിട്ടില്ല.  

അതേസമയം സാജന്റെ പാർത്ഥാസ് കൺവെൻഷൻ സെന്ററിന് അന്തിമ അനുമതി നേടാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ സാജന്റെ കുടുംബവും സുഹൃത്തുകളും വേ​ഗത്തിലാക്കി. സസ്പെൻഷനിലായവർക്ക് പകരം വന്ന നഗരസഭാ ഉദ്യോ​ഗസ്ഥർ കഴിഞ്ഞ ദിവസം സാജന്റെ ഓഡിറ്റോറിയത്തിൽ വിശദമായ പരിശോധന നടത്തിയിരുന്നു. 

ചട്ടപ്രകാരം വേണ്ട ചില മാറ്റങ്ങൾ കൂടി വരുത്തിയാൽ ഓഡിറ്റോറിയത്തിന് അനുമതി നൽകാം എന്നാണ് ഈ ഉദ്യോ​ഗസ്ഥർ അറിയിച്ചിട്ടുള്ളത്. എണ്ണത്തിൽ കുറവുണ്ടെന്ന് കണ്ടെത്തിയ യൂറിൻ ക്യാബിനടക്കമുള്ളവ ഇപ്പോൾ ഓഡിറ്റോറിയത്തിൽ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios