Asianet News MalayalamAsianet News Malayalam

സാജനുമായി വ്യക്തി വൈരാഗ്യമില്ല; കൺവെൻഷൻ സെന്‍ററില്‍ ചില ചട്ടലംഘനങ്ങൾ ഉണ്ടായിരുന്നു: ആന്തൂർ നഗരസഭ മുൻ സെക്രട്ടറി

ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും, ഇവ പരിഹരിച്ചാൽ അനുമതിക്ക് തടസ്സങ്ങളില്ലായിരുന്നു. തന്‍റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും സസ്പെൻഷനിലായ ആന്തൂർ നഗരസഭാ സെക്രട്ടറി ഗിരീഷ്

anthoor corporation former secretary reaction in NRI businessmen suicide
Author
Kannur, First Published Jun 26, 2019, 5:20 PM IST

കണ്ണൂര്‍: ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജനുമായി വ്യക്തിവൈരാഗ്യമില്ലെന്നും, തന്‍റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും സസ്പെൻഷനിലായ ആന്തൂർ നഗരസഭാ സെക്രട്ടറി ഗിരീഷ്.  ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും, ഇവ പരിഹരിച്ചാൽ അനുമതിക്ക് തടസ്സങ്ങളില്ലായിരുന്നുവെന്നും ഗിരീഷ് ഇന്ന് ചോദ്യം ചെയ്യലിൽ വിശദമാക്കി. കേസിൽ പി കെ ശ്യാമളയടക്കം ആരോപണ വിധേയരെ മുഴുവൻ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘത്തലവൻ ഡിവൈഎസ്പി വി എ കൃഷ്ണദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഉദ്യോഗസ്ഥർക്കും നഗരസഭാ ചെയർപേഴ്സനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നാണ് സാജന്‍റെ കുടുംബത്തിന്‍റെ പരാതിയെന്നിരിക്കെ സാങ്കേതികത മുൻനിർത്തി ഇതിൽ നിന്നൊഴിവാകാനുള്ള ശ്രമങ്ങളിലാണ് ഉദ്യോഗസ്ഥരുള്ളത്.  സാജൻ അപേക്ഷയുമായി സമീപിച്ചിട്ടില്ലെന്നും, ഭാര്യാപിതാവാണ് കാര്യങ്ങൾ ചെയ്തിരുന്നതെന്നും കാട്ടി സാജനുമായി വ്യക്തിവൈരാഗ്യമില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ആന്തൂർ നഗരസഭ മുൻ സെക്രട്ടറി. 

ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയതിന്റെ വിശദാംശങ്ങൾ സഹിതമാണ് ഗിരീഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. നഗരസഭാ സെക്രട്ടറിയെയും മുനിസിപ്പൽ എഞ്ചിനിയറെയും ചോദ്യം ചെയ്തു.  അനുമതി വൈകിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ നേരത്തെ തെളിവുകൾ ലഭിച്ചിരുന്നു. അതേസമയം പി കെ ശ്യാമളയെയും ചോദ്യം ചെയ്യുന്നതിലേക്കാണ് അന്വേഷണം നീങ്ങുന്നത്.

സാജന്‍റെ ആത്മഹത്യയിൽ മറ്റ് വശങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.  കൺവെൻഷൻ സെന്‍ററിന് അനുമതി നേടിയടുക്കാൻ മുൻപിൽ സാധ്യതകളൊരുപാടുണ്ടായിരിക്കെ ആത്മഹത്യയുടെ വഴി തേടിയതെന്തിന് എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള പ്രധാന ചോദ്യം.  സാജന്‍റെ സാമ്പത്തിക ഇടപാടുകളും ക്രയവിക്രയങ്ങളും അന്വേഷണസംഘം പരിശോധിക്കും. കൺവെൻഷൻ സെന്‍ററിന് അനുമതി നൽകുന്നതിന് മുന്നോടിയായുള്ള സൂക്ഷമ പരിശോധന നടത്തുകയാണ് പകരമെത്തിയ ഉദ്യോഗസ്ഥർ.

Follow Us:
Download App:
  • android
  • ios