Asianet News MalayalamAsianet News Malayalam

പൗരത്വ നിയമം: തുടര്‍ സമരത്തിലുറച്ച് സര്‍വകക്ഷിയോഗം, ബിജെപിക്ക് ഗോബാക്ക് വിളി

  • പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരുമിച്ച് നീങ്ങും 
  • ചുമതല പിണറായിക്കും ചെന്നിത്തലക്കും
  • ഒരുമിച്ചും വെവ്വേറെയും സമരപരിപാടികൾ
  • ബിജെപിക്ക് ഗോ ബാക്ക് വിളി 
  • പ്രതിഷേധിച്ചിറങ്ങി ബിജെപി പ്രതിനിധികൾ 
anti caa protest all party meeting decisions
Author
Trivandrum, First Published Dec 29, 2019, 3:59 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭരംഗത്ത് ഒരുമിച്ച് മുന്നേറാനുറച്ച് സര്‍വകക്ഷിയോഗം. തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിന്‍റേതാണ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ എതിര്‍വികാരമാണ് സര്‍വകക്ഷിയോഗത്തിൽ ഉയര്‍ന്നത്. ഒറ്റക്കും കൂട്ടായും സമരപരിപാടികൾ തുടരും. തുടര്‍ സമരത്തെ കുറിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും യോഗം ചുമതലപ്പെടുത്തി. 

നാടകീയ രംഗങ്ങളാണ് യോഗത്തിന്‍റെ തുടക്കത്തിൽ മസ്കറ്റ് ഹോട്ടലിലെ വേദിയിൽ ഉണ്ടായത്. സര്‍വകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ബിജെപി പ്രതിനിധികളെയും അയച്ചിരുന്നു. മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗം തീര്‍ന്നതോടെ കേന്ദ്രവിരുദ്ധ പരിപാടികൾ ചർച്ചചെയ്യുന്ന യോഗത്തിൽ എത്തിയ ബിജെപി പ്രതിഷേധം പരസ്യമാക്കി. ഗവർണര്‍ക്കെതിരായ അതിക്രമവും ചർച്ചചെയ്യണമെന്ന് എംഎസ് കുമാറും പദ്മകുമാറും  ആവശ്യപ്പെട്ടു. ഇതിനെതിരെ യോഗത്തിൽ പ്രതിഷേധം ഉയർന്നതോടെ ബിജെപി പ്രതിനിധികൾ വേദിവിട്ടിറങ്ങി.

തുടര്‍ന്ന് വായിക്കാം: പൗരത്വ ഭേദഗതി നിയമം: സര്‍വകക്ഷിയോഗത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങി ബിജെപി...
 

പ്രതിഷേധങ്ങളിൽ തീവ്രനിലപാട് സ്വീകരിക്കുന്നവരെ മാറ്റി നിർത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രക്ഷോഭങ്ങൾ അതിരുവിടരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. തുടര്‍ന്ന് വായിക്കാം: പ്രക്ഷോഭം അതിരു കടക്കരുത്; ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം മുൻനിര്‍ത്തി മുഖ്യമന്ത്രി... പ്രത്യേക നിയമസഭാ സമ്മേളനം എന്ന പ്രതിപക്ഷ ആശയത്തോട് എല്ലാവരും യോജിക്കുമ്പോഴും ഒന്നിച്ചുള്ള സമരങ്ങൾ ഇനി ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരകയാണ്. തുടര്‍സമരത്തിന്‍റെ കാര്യത്തിൽ കോൺഗ്രസ് നിലപാട് നിർണ്ണായകമാകും. വിഷയം  ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന്  ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറ‍ഞ്ഞു. 

തുടര്‍ന്ന് വായിക്കാം: പൗരത്വ ഭേദഗതിയില്‍ യോജിച്ച പ്രക്ഷോഭം; പ്രത്യേക നിയമസഭാസമ്മേളനം വിളിക്കണം, രാഷ്ട്രപതിയെ കാണണമെന്നും പ...

പതിനാറിന് തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നടന്ന സംയുക്ത പ്രതിഷേധത്തിനെതിരെ കോൺഗ്രസിനകത്ത് ഭിന്നാഭിപ്രായങ്ങളുണ്ട്. സിപിഎമ്മുമായി സഹകരിച്ച് സമരത്തിനില്ലെന്ന് പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ യോഗത്തിൽ പങ്കെടുക്കാൻ പ്രതിനിധിയെ ആണ് അയച്ചത്. തുടര്‍ സമരത്തിൽ സര്‍ക്കാരിനൊപ്പം ഉണ്ടാകില്ലെന്ന സൂചന നൽകുന്ന യുഡിഎഫ് തനത് സമരപരിപാടികളെ കുറിച്ചുള്ള തിരക്കിട്ട ആലോചനകളിലുമാണ്. 

രാഷ്ട്രീയ കക്ഷികളും മതസാമുദായിക സംഘടനകളും അടക്കം അമ്പതോളം പ്രതിനിധികളാണ് സര്‍വകക്ഷിയോഗത്തിൽ പങ്കെടുക്കുന്നത്.മതേതരത്വം സംരക്ഷിക്കുന്നതിലെ മുൻ നിലപാടിൽ മാറ്റമില്ലെന്ന് വിശദീകരിച്ച എൻഎസ്എസ് സര്‍വക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന് വിശദീകരിച്ചു. 


സര്‍വകക്ഷിയോഗത്തിന് ശേഷം മുഖ്യമന്ത്രി ഇറക്കിയ വാര്‍ത്താകുറിപ്പ് : 

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭാവി പരിപാടികൾ ആലോചിക്കാനും യോജിച്ച പ്രക്ഷോഭം നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി തലസ്ഥാനത്ത് നടന്ന രാഷ്ട്രീയ, മത, സാമൂഹ്യ സംഘടന പ്രതിനിധികളുടെ യോഗം. ഏതെല്ലാം മേഖലകളിൽ യോജിച്ച് പ്രക്ഷോഭം നടത്താനാവുമെന്നത് ആലോചിക്കും. 

നിയമഭേദഗതിക്കെതിരെ സർക്കാർ കോടതിയെ സമീപിക്കണമെന്നും നിയമസഭ വിളിച്ചു ചേർത്ത് ചർച്ച നടത്തണമെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി. ഈ വിഷയം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും നടപടികൾ സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.

ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി വലിയ തോതിൽ ഇറങ്ങേണ്ട ഘട്ടമാണിത്. ഒന്നായി നിന്ന് പ്രക്ഷോഭം നടത്തുമ്പോൾ നാം കാണുന്നതിനും അപ്പുറമുള്ള ബലം ലഭിക്കും. അതിനെ രാജ്യം തന്നെ മാതൃകയായി സ്വീകരിക്കുന്ന നില വരും. മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കാനുള്ള നടപടി ഏത് രൂപത്തിൽ ഏത് അധികാര സ്ഥാനത്തു നിന്നുണ്ടായാലും കേരളത്തിൽ വിലപ്പോവില്ല. ഈ ഘട്ടത്തിൽ ഒരുമയുടെ സന്ദേശം ഇന്ത്യയ്ക്കാകെ നൽകണം. ഭരണഘടനയ്ക്ക് മേലേയല്ല ഒരു നിയമവും ചട്ടവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിരവധി പ്രക്ഷോഭങ്ങൾ വിവിധയിടങ്ങളിൽ നടക്കുന്നുണ്ടെന്നും ഇവയിൽ ആവശ്യമില്ലാത്തവർക്ക് ഇടം നൽകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയ, തീവ്രവാദ സംഘടനകൾ നടത്തുന്ന പ്രക്ഷോഭങ്ങൾ പരിധിയിൽ നിൽക്കണമെന്നില്ല. ഇവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. അത്തരം ശക്തികളുടെ ഇടപെടൽ സാമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കുന്നതല്ല. ന്യായമായ പ്രക്ഷോഭങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടൽ ഉണ്ടാവില്ല.

മതം പൗരത്വത്തിന്റെ അടിസ്ഥാനമായി മാറുമ്പോൾ ഭരണഘടന അട്ടിമറിക്കപ്പെടും. അപ്പോൾ മതനിരപേക്ഷ രാഷ്ട്രം എന്നതു മാറി മതാധിഷ്ഠിത രാഷ്ട്രമാവും. മതം പൗരത്വത്തിന് അടിസ്ഥാനമാവുന്ന നില ഉണ്ടാകരുത്. ഭരണഘടന ഉയർത്തുന്ന മതനിരപേക്ഷതയ്ക്കായി എക്കാലവും നിലകൊണ്ട സംസ്ഥാനമാണ് കേരളം. ഇപ്പോഴുള്ളത് മത പ്രശ്‌നം മാത്രമല്ല, രാജ്യത്തിന്റെ നിലനിൽപിനെ ബാധിക്കുന്ന പ്രശ്‌നമാണ്. ഒരു അമ്മയുടെ വിവിധ മക്കൾ എന്ന നിലയിലാണ് കേരളത്തിൽ നമ്മൾ കഴിയുന്നത്. ഇവിടെ പരസ്പരം ആദരിക്കുന്ന സ്ഥിതിയാണ് മതങ്ങൾ സ്വീകരിച്ചിട്ടുള്ളത്. മതം പ്രചരിപ്പിക്കാനെത്തിയവരെപ്പോലും നല്ല രീതിയിൽ സ്വീകരിച്ച നാടാണിത്. ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട നടപടികൾ സംസ്ഥാനം നിർത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഡിറ്റൻഷൻ സെന്ററുകളില്ലെന്നും ഇവ സ്ഥാപിക്കാൻ നടപടിയുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ത്യയെ സ്‌നേഹിക്കുന്ന മുഴുവൻ ജനങ്ങളും മത, ജാതി, രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒന്നിച്ചു നിൽക്കേണ്ട സമയമാണെന്ന് യോഗത്തിൽ സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വം അപകടത്തിലായിരിക്കുന്ന സ്ഥിതിയിൽ വിവിധ കോണുകളിൽ പ്രക്ഷോഭം നടക്കുകയാണ്. ഇതിനെ ഗൗരവപൂർവം സമീപിക്കണം. ഭരണഘടയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഇതിനെ കോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ദേശീയ ജനസംഖ്യാ രജിസ്ട്രിക്കായി തയ്യാറാക്കിയ ചോദ്യാവലി ഭീതിപ്പെടുത്തുന്നതാണ്. മരിച്ചു പോയവരുടെ ജനനത്തീയതി വരെ ചോദിച്ച് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാനായി സർക്കാർ വിപുലമായ പ്രചാരണ പരിപാടികൾ നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

മന്ത്രി എ കെ ബാലൻ യോഗത്തിൽ സ്വാഗതം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്നിഹിതനായിരുന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാരായ പികെ  കുഞ്ഞാലിക്കുട്ടി, കൊടിക്കുന്നിൽ സുരേഷ്, എൻ കെ പ്രേമചന്ദ്രൻ , എംഎൽഎ സി കെ നാണു, കാനം രാജേന്ദ്രൻ, കെഎൻ ബാലഗോപാൽ, ആലിക്കുട്ടി മുസലിയാർ, സികെ വിദ്യാസാഗർ, ഫാദർ മാത്യു മനക്കണ്ടം, മോൻസ് ജോസഫ്, ഫൈസി ഹാജി, ഡോ. സി ജോസഫ്, അഡ്വ. സജയൻ, ജി. ദേവരാജൻ, സിപി ജോൺ, സലാഹുദ്ദീൻ മദനി, രാമഭദ്രൻ, രാധാകൃഷ്ണൻ, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, ഫാദർ സോണി, ഡോ. ഫസൽ ഗഫൂർ, കാസിം ഇരിക്കൂർ എന്നിവർ സംസാരിച്ചു.

 

 

Follow Us:
Download App:
  • android
  • ios