തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താൻ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് സര്‍ക്കാര്‍ .സംയുക്ത സമരം നടത്തിയ പശ്ചാത്തലത്തിൽ അതിന്‍റെ തുടര്‍ നടപടികൾ ആലോചിക്കാനാണ് യോഗം ചേരുന്നത്. പ്രതിപക്ഷത്തിനും രാഷ്ട്രീയ കക്ഷികൾക്കും പുറമെ വിവിധ മതസാമുദായിക നേതാക്കളെയും പങ്കെടുപ്പിച്ചാണ് യോഗം. 29 ന് രാവിലെ പതിനൊന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം. 

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോൺഗ്രസിനേയിം യുഡിഎഫ് ഘടകകക്ഷികളടക്കമുള്ളവരെയും ഉൾപ്പെടുത്തി സംയുക്ത സമരവും തിരുവനന്തപുരത്ത് നടത്തിയിരുന്നു.

സമരം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി എത്രയും പെട്ടെന്ന് കക്ഷി നേതാക്കളുടെ യോഗം വിളിച്ച്  അഭിപ്രായം ആരായാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. അതിനിടെ സര്‍ക്കാരുമായി സഹകരിച്ച് നടത്തിയ സമരത്തിനെതിരെ കോൺഗ്രസിനകത്ത് കലാപം പുകയുന്ന അവസ്ഥയുമുണ്ട്. സംയുക്ത സമരം ശരിയല്ലെന്ന് വാദിക്കുന്ന കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് പിന്തുണയുമായി കെ മുരളീധരൻ അടക്കം കൂടുതൽ കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.