പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് സ്വന്തം മണ്ണിലിറങ്ങുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച ചെന്നൈ നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.
ചെന്നൈ/മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫിനായുള്ള പോരാട്ടങ്ങള്‍ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ന് ആരാധകരെ കാത്തിരിക്കുന്നത് രണ്ട് വമ്പൻ പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ വൈകുന്നേരം 3:30-ന് ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്സ് ലക്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. രണ്ടാം മത്സരത്തിൽ രാത്രി 7:30-ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മുംബൈ ഇന്ത്യൻസുമായി ഏറ്റുമുട്ടും.

പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് സ്വന്തം മണ്ണിലിറങ്ങുന്നത്. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ അഞ്ചിലും വിജയിച്ച ചെന്നൈ നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസൺ, യുവതാരം കാർത്തിക് ശർമ്മ എന്നിവരുടെ ഫോം ടീമിന് കരുത്തേകുന്നു. പരിക്കിന്റെ നിഴലിലുള്ള എം.എസ്. ധോണി ഇന്ന് കളിക്കാനിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. അക്കീൽ ഹൊസൈൻ, നൂർ അഹമ്മദ്, അൻഷുൽ കംബോജ് എന്നിവരടങ്ങിയ ബൗളിംഗ് നിരയും സജ്ജമാണ്.
മറുവശത്ത്, പത്ത് മത്സരങ്ങളിൽ ഏഴിലും തോറ്റ ലക്നൗവിന് ഓരോ മത്സരവും നിർണ്ണായകമാണ്. റിഷഭ് പന്ത്, മിച്ചൽ മാർഷും നിക്കോളാസ് പൂരൻ എന്നിവർ ബാറ്റിംഗിൽ തിളങ്ങിയാൽ ചെന്നൈയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ ലക്നൗവിന് സാധിക്കും. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന് റോയല്‍സിന് തകര്‍ത്ത് രണ്ടാം സ്ഥാനത്തേക്ക് കയറിയതോടെ പ്ലേ ഓഫ് പോരാട്ടം വീണ്ടും കടുത്തു. ഗുജറാത്ത് തോറ്റിരുന്നെങ്കില്‍ അത് ചെന്നൈക്ക് അനുകൂലമാകുമായിരുന്നു. ചെന്നൈക്ക് ഗുജറാത്തിനെതിരെ മത്സരമുണ്ടെങ്കിലും രാജസഥാനെതിരെ മത്സരമില്ല. അതുകൊണ്ട് തന്നെ അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാന്റെ വരാനിരിക്കുന്ന മത്സരങ്ങളിലെ ഫലം കൂടി ആശ്രയിച്ചു മാത്രമെ ചെന്നൈക്ക് പ്ലേ ഓഫിലേക്ക് മുന്നേറാനാവു. ലക്നൗവും ഡല്‍ഹിയും മുംബൈയുമാണ് രാജസ്ഥാന്റെ അവസാന മൂന്ന് കളികളിലെ എതിരാളികള്‍ എന്നതും ചെന്നൈക്ക് ഭീഷണിയാണ്. ഇന്നത്തേത് ഉള്‍പ്പെടെ ചെന്നൈക്കെതിരെ രണ്ട് മത്സരങ്ങളും രാജസ്ഥാനും പഞ്ചാബിനുമെതിരെ ഓരോ മത്സരങ്ങളും ബാക്കിയുള്ള ലക്നൗവിനാകട്ടെ എല്ലാ മത്സരങ്ങളും ജയിച്ചാലും പ്ലേ ഓഫ് ഉറപ്പില്ല.
ബെംഗളൂരുവിന് പ്ലേ ഓഫ് മോഹം; മുംബൈയ്ക്ക് അഭിമാന പോരാട്ടം
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തോൽവി തിരിച്ചടിയായിട്ടുണ്ട്. പ്ലേ ഓഫ് ഉറപ്പിക്കാൻ വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ, ടിം ഡേവിഡ് എന്നിവരടങ്ങിയ ബാറ്റിംഗ് നിര ഫോമിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്. ജിതേഷ് ശർമ്മയുടെ റൺ വരൾച്ച ടീമിനെ അലട്ടുന്നുണ്ടെങ്കിലും ഭുവനേശ്വർ കുമാറും ജോഷ് ഹെയ്സൽവുഡും നയിക്കുന്ന ബൗളിംഗ് നിരയിൽ ടീമിന് പ്രതീക്ഷയുണ്ട്.
സീസണിൽ നിരാശാജനകമായ പ്രകടനം തുടരുന്ന മുംബൈ ഇന്ത്യൻസിന് ഇനി വരാനിരിക്കുന്നവ അഭിമാന പോരാട്ടങ്ങളാണ്. പത്തിൽ ഏഴ് മത്സരങ്ങളും തോറ്റ മുംബൈയ്ക്ക് സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട് എന്നിവരുടെ മോശം ഫോം തിരിച്ചടിയാണ്. പരിക്കേറ്റ ഹാർദിക് പാണ്ഡ്യ ഇന്ന് മടങ്ങിയെത്തുമെന്നാണ് കരുതപ്പെടുന്നത്. രോഹിത് ശർമയും റയാൻ റിക്കിൾട്ടനും മികച്ച തുടക്കം നൽകിയാൽ മാത്രമേ മുംബൈയ്ക്ക് വിജയപ്രതീക്ഷയുള്ളൂ.
