തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ നിന്നും പൗരത്വ നിയമത്തിനെതിരായ എതിർപ്പുകൾ നീക്കം ചെയ്യാൻ സർക്കാർ തയ്യാറാകില്ല. ഗവർണ്ണർക്ക് ഉടൻ മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നൽകും. അതിനിടെ ഗവർണ്ണറെ നീക്കണമെന്നാവശ്യപ്പെടുന്ന നോട്ടീസിൽ സ്പീക്കറുടെ ഓഫീസ് വിശദമായ പരിശോധന നടത്തും. 

ഗവർണ്ണറും സർക്കാറും പ്രതിപക്ഷവും ഉൾപ്പെട്ട പൗരത്വ നിയമപ്പോര് അസാധാരണ നിലയിലേക്കാണ് നീങ്ങുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരായ എതിർപ്പുകൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെട്ടതിലാണ് ഗവർണ്ണർ വിശദീകരണം തേടിയത്. ഒപ്പം സുപ്രീം കോടതിയൽ സമർപ്പിച്ച സ്യൂട്ട് ഹർജിക്കാധാരമായ ഫയലുകളും രാജ്ഭവൻ തേടി. സർക്കാർ പിന്നോട്ടില്ല. ഭരണഘടനയുടെ 131ആം അനുച്ഛേദ പ്രകാരമാണ് ഹർജിയെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുന്നു. 

സിഎഎയിൽ രാജ്യത്ത് വലിയ ആശങ്കയുണ്ട്. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പ്രതിഫലിപ്പിക്കാനാണ് എതിർപ്പ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയതെന്നാകും സർക്കാർ വിശദീകരണം. പ്രസംഗത്തിൽ വിശദീകരണവും സംശയവും ചോദിക്കുന്നതിനപ്പുറത്തുള്ള നയപ്രഖ്യാപനം സർക്കാർ കാര്യമാണെന്നാണ് സർക്കാറിൻറെ നിലപാട്. ഗവർണ്ണർക്ക് വേണെങ്കിൽ എതിർപ്പുള്ള ഭാഗം വായിക്കാതെ വിടാം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഹർജിയെന്ന നിലക്ക് ചീഫ് സെക്രട്ടറി രാജ്ഭവനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭാ യോഗം ഈ നടപടി അംഗീകരിച്ചിരുന്നു. മന്ത്രിസഭ അംഗീകാരമില്ലാത്ത നടപടിയിൽ ഹർജി നൽകിയ ആഭ്യന്തര സെക്രട്ടറിക്കെതിരായ രാജ്ഭവൻ നടപടി ഒഴിവാക്കലായിരുന്നു ലക്ഷ്യം. 

സർക്കാർ ഉറച്ചുനിൽക്കുമ്പോൾ ഇത്തവണത്തെ നയപ്രഖ്യാപനത്തിന്‍റെ ആകാംക്ഷ കൂടി. സർക്കാറിനെ കടത്തിവെട്ടിയാണ് ഗവർണ്ണർക്കെതിരായ പ്രതിപക്ഷനേതാവിൻറെ നീക്കം. ചെന്നിത്തല നൽകിയ നോട്ടീസിൻറെ നിയമവശം സ്പീക്കർ പരിശോധിക്കുന്നു. ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തിയെ ആ സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ ചട്ടം 130 പ്രകാരം നൽകുന്ന നോട്ടീസിന് കഴിയുമോ എന്നാണ് പരിശോധന.