ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) അവബോധ പരിപാടികള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 

ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇതുകൂടാതെ എഎംആര്‍ അവബോധം താഴെത്തട്ടില്‍ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 

ജില്ലയിലെ 2 ലക്ഷത്തിലധികം വീടുകളില്‍ എഎംആര്‍ ബോധവല്‍ക്കരണം പൂര്‍ത്തിയാക്കി. ബാക്കിയുള്ള മുഴുവന്‍ വീടുകളിലും എഎംആര്‍ അവബോധം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ആന്റിബയോട്ടിക് ഉപയോഗം വളരെയേറെ കുറയ്ക്കാനായി. വിജയകരമായ മാതൃകയ്ക്ക് നേതൃത്വം നല്‍കിയ എറണാകുളം ജില്ലയിലെ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ആന്റിബയോട്ടിക് സാക്ഷരതയില്‍ ഏറ്റവും പ്രധാനമാണ് അവബോധം. സാധാരണക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വീടുകളിലെത്തി ബോധവല്‍ക്കരണം നല്‍കുന്നത്. പരിശീലനം ലഭിച്ച 2257 ആശാ പ്രവര്‍ത്തകരാണ് വീടുകളിലെത്തി ബോധവല്‍ക്കരണം നടത്തുന്നത്. ഗ്രാമീണ മേഖല, നഗര മേഖല, ആദിവാസി മേഖല, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലാണ് അവബോധം നല്‍കിയത്. 

ഒരു മാസം ഒരാള്‍ 50 വീടുകള്‍ എന്ന കണക്കിലാണ് അവബോധം നല്‍കിയത്. ഇതുകൂടാതെ വാര്‍ഡ് തല കമ്മിറ്റികളിലെ ജന പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവബോധം നല്‍കി. മെഡിക്കല്‍ ഓഫീസര്‍മാര്‍, എംഎല്‍എസ്പി, ട്രാന്‍സ്‌ജെന്‍ഡര്‍ ലിങ്ക് വര്‍ക്കര്‍മാര്‍, മൈഗ്രന്റ് കോ ഓഡിനേറ്റര്‍മാര്‍ എന്നിവരുടെ പിന്തുണയുമുണ്ടായിരുന്നു. അതിഥി തൊഴിലാളികള്‍ക്ക് അവരവരുടെ ഭാഷകളിലാണ് അവബോധം നല്‍കിയത്.

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതുള്‍ക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ഈ ബോധവത്ക്കരണവും.

ഈ പോരാട്ടത്തില്‍ നമുക്കും പങ്കാളികളാകാം

1. മിക്ക അണുബാധകളും വൈറസ് മൂലമാണ് ഉണ്ടാകുന്നത്. അതിനാല്‍ ഇവയ്‌ക്കെതിരെ ആന്റി ബയോട്ടിക്കുകള്‍ ഫലപ്രദമല്ല.
2. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവു.
3. ഒരിക്കലും ആന്റിബയോട്ടിക്കുകള്‍ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
4. ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും ഉപയോഗിക്കരുത്.
5. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകള്‍ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
6. രോഗശമനം തോന്നിയാല്‍ പോലും ഡോക്ടര്‍ നിര്‍ദ്ദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക് ചികിത്സ പൂര്‍ത്തിയാക്കണം.
7. ആന്റിബയോട്ടിക്കുകള്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടാന്‍ പാടില്ല.
8. അണുബാധ തടയുന്നതിന് പതിവായി കൈ കഴുകുക.
9. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
10. പ്രതിരോധ കുത്തിവയ്പുകള്‍ കാലാനുസൃതമായി എടുക്കുക

'ഞാൻ അവിടെ കണ്ടത് മുമ്പെങ്ങും കാണാത്ത സാഹചര്യം, അന്തരീക്ഷം', യുഎസ് തെരഞ്ഞെടുപ്പ് ചൂട് വിവരിച്ച് വീണ ജോര്‍ജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം