Asianet News MalayalamAsianet News Malayalam

ഊന്നുവടിയില്ലാതെ നടക്കാൻ പോലുമാകാത്തയാളെന്ന് സിവിക് ചന്ദ്രൻ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച

പുറത്ത് ദളിതർക്ക് വേണ്ടി പ്രവർത്തിക്കുന്നയാളുടെ ഉള്ളിലിരിപ്പ് മറ്റൊന്നെന്നും പ്രോസിക്യൂഷൻ; സിവികിനെതിരെ പുതിയ കേസ്

Anticipatory bail application of Civic Chandran, Order on tuesday
Author
Kozhikode, First Published Jul 30, 2022, 12:32 PM IST

കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റി. ചൊവ്വാഴ്ച (ഓഗസ്റ്റ് 2) കേസിൽ വിധി പറയും. വാദത്തിനിടെ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തു. കൂടുതൽ പരാതികൾ സിവികിനെതിരെ വരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സിവിക് ചന്ദ്രൻ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി പ്രോസിക്യൂഷനും പരാതിക്കാരിയും ഹാജരാക്കി. വാട്സാപ്പ് സന്ദേശങ്ങൾ തന്നെ പ്രതിയുടെ സ്വഭാവം വ്യക്തമാക്കുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പുറത്ത് ദളിതർക്ക് വേണ്ടി പ്രവർത്തിക്കുന്നയാളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതേസമയം തനിക്കെതിരായ പരാതി വ്യാജമാണെന്ന് സിവിക് ചന്ദ്രൻ വാദിച്ചു. ഊന്നുവടിയില്ലാതെ നടക്കാൻ പോലുമാകാത്ത ആളാണ് താൻ. പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെ കൊണ്ട് അന്വേഷിപ്പിച്ചതാണ് ഈ വിഷയം. പട്ടികജാതി-പട്ടിക വർഗ നിയമപ്രകാരം ചുമത്തിയ കേസ് നിലനിൽക്കില്ലെന്നും സിവികിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. 

ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിയത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് സിവികിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്.

സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി, കൊയിലാണ്ടി പൊലീസ് കേസെടുത്തു

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും കേസ്. കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയുടെ പരാതിയിലാണ് കേസെടുത്തത്. 2020ൽ പീഡ‍ിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് കൊയിലാണ്ടി പൊലീസ് സിവിക് ചന്ദ്രനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. സിവികിനെതിരായ ആദ്യ പരാതിയിലും കേസെടുത്തത് കൊയിലാണ്ടി പൊലീസ് തന്നെയാണ്. കേസെടുത്ത് മൂന്നാഴ്ചയോളം ആയിട്ടും ഈ പരാതിയിൽ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാൻ പൊലീസിനായിട്ടില്ല. സിവിക് സംസ്ഥാനം വിട്ടതായാണ് പൊലീസ് പറയുന്നത്. 

 

Follow Us:
Download App:
  • android
  • ios