കൊച്ചി: സിറോ മലബാർ സഭാധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായി വ്യാജരേഖ ചമച്ചെന്ന കേസിൽ പ്രതികളായ ഫാദർ പോൾ തേലക്കാട്ടിനും ഫാദർ ആന്‍റണി കല്ലൂക്കാരനും ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കർദ്ദിനാളിനെ വഞ്ചിക്കാനായി പ്രതികൾ വ്യാജരേഖ നിർമിച്ചു എന്ന് പൊലീസിന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. പൊലീസ് സ്റ്റേഷനിൽ എല്ലാ ശനിയാഴ്‍ചയും ഹാജരാകണം എന്നതുൾപ്പടെയുള്ള ഉപാധികളോടെയാണ് രണ്ട് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. 

പൊലീസ് വിശദമായി ഇരു വൈദികരെയും ചോദ്യം ചെയ്തതാണ്. എന്നിട്ടും തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. എന്നാൽ പ്രോസിക്യൂഷന് കേസിൽ അമിതതാത്പര്യമെന്തെന്ന് ചോദിച്ച കോടതി വ്യാജരേഖ നിർമിച്ചുവെന്ന ഐപിസി 468 വകുപ്പ് ഇപ്പോൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി. ഇപ്പോൾ സമർപ്പിച്ചതല്ലാതെ മുൻകൂർ ജാമ്യാപേക്ഷ തള്ളാനുള്ള മറ്റ് തെളിവുകളുണ്ടോ എന്ന് കോടതി ചോദിച്ചു. പ്രതികൾ സമൂഹത്തിൽ നിലയും വിലയുമുള്ളവരല്ലേ എന്നും കോടതി ചോദിച്ചു. 

ഇതേത്തുടർന്നാണ് ഉപാധികളോടെ ഇരുവൈദികർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം, ഈ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂട്ടർ അഡ്വ. ജോർജ് ജോസഫ് വ്യക്തമാക്കി. 

Read More: സിറോ മലബാർ സഭ വ്യാജരേഖ കേസ്: വൈദികർക്കെതിരെ തെളിവുണ്ട്, ഗൂഢാലോചന നടന്നത് പ്രളയകാലത്തെന്ന് പൊലീസ്