പാലക്കാട്: പട്ടാമ്പിയിലെ ആന്റിജൻ പരിശോധന അഞ്ചാംദിവസത്തിലേക്ക്. കഴിഞ്ഞ നാലുദിവസത്തിനിടെ രണ്ടായിരത്തോളം പേർക്കാണ് പരിശോധന നടത്തിയത്. സാമൂഹിക വ്യാപന സാധ്യത കണ്ടെത്താൻ പാലക്കാട് വലിയങ്ങാടിയിൽ ഇന്ന് രാത്രി ആന്റിജൻ പരിശോധന നടത്തും.

ജില്ലയിൽ ആശങ്കയുയർത്തിയ പട്ടാമ്പി ക്ലസ്റ്ററിലെ മൂന്നുദിവസത്തിലെ പരിശോധനയിൽ മാത്രം 142 പേർക്കാണ് രോഗംസ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ 30-ലേറെ പോസിറ്റീവ് കേസുകളുണ്ടെന്നാണ് സൂചന. സമീപ പ്രദേശങ്ങളിൽ അനുബന്ധ ക്ലസ്റ്ററുകൾ രൂപപ്പെടാനുളള സാധ്യത കണക്കിലെടുത്ത് പട്ടാമ്പി നഗരത്തിനോടടുത്ത പഞ്ചായത്തുകളിൽ ബുധനാഴ്ച ആന്റിജൻ പരിശോധനക്ക് തുടക്കമാകും. 

പട്ടാമ്പി താലൂക്കിലെ 28 അതി തീവ്രമേഖലകളിൽ മുൻഗണനാക്രമത്തിലാണ് പരിശോധന നടത്തുക. ഇതോടൊപ്പം , പാലക്കാട്ടെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലും ദ്രുതപരിശോധന നടക്കും. ചരക്കുവാഹനങ്ങളും തൊഴിലാളികളും സജീവമാകുന്ന രാത്രിസമയത്താണ് പാലക്കാട് വലിയങ്ങാടിയിലെ പരിശോധന. ഇതോടൊപ്പം ജില്ലയിലെ മറ്റ് പ്രധാന മീൻമാർക്കറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കും. 

പട്ടാമ്പിയിൽ മാത്രം ശരാശരി 500 പേർക്കാണ് ദിവസേന ദ്രുതപരിശോധന നടത്തുന്നത്. രോഗവ്യാപനത്തിന്റെ തോത് കൂടുന്നത് കണക്കിലെടുത്ത് പട്ടാമ്പി മേഖലയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഉടൻ പൂർത്തിയാകും. പട്ടാമ്പി ക്ളസ്റ്ററിലെ രോഗബാധിതരെ നിലവിൽ മാങ്ങോട് കേരള മെഡി. കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നത്. പട്ടാമ്പിയിൽ ചികിത്സ സൗകര്യം സജ്ജമാകുന്നതിനനുസരിച്ച് വരും ദിവസങ്ങളിൽ രോഗബാധിതരെ ഇങ്ങോട്ട് മാറ്റും. ലോക് ഡൗണിന്റെ ഭാഗമായി മലപ്പുറത്ത് നിന്ന് പട്ടാമ്പി മേഖലയിലേക്കുളള എല്ലാ പാതകളും അടച്ചിട്ടുണ്ട്.