Asianet News MalayalamAsianet News Malayalam

കേരള വിസി നിയമനം: സര്‍ക്കാരിനെ വെട്ടി ഗവര്‍ണറുടെ നീക്കം, വീണ്ടും പോരിന് കളമൊരുങ്ങുന്നു

സർക്കാറിന് താല്പര്യമുള്ള വ്യക്തിയെ വിസിയാക്കാനായി സെർച്ച് കമ്മിറ്റിയിൽ ഗവർണ്ണർക്കുള്ള അധികാരം കവർന്നുള്ള ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ നടപടി അന്തിമഘട്ടത്തിലാണ്.

Antoher Clash forms between Kerala Governor And State Government
Author
Trivandrum, First Published Aug 5, 2022, 9:55 PM IST

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം വീണ്ടും ഗവ‍ർണ്ണ‍റും സർക്കാറും തമ്മിൽ നേര്‍ക്കുനേര്‍ പോരിന് കളമൊരുങ്ങുന്നു. കേരള വൈസ് ചാൻസലര്‍ നിയമനത്തിനായി സർവ്വകലാശാല നോമിനിയെ ഒഴിച്ചിട്ട് ഗവർണ്ണർ സ‍െർച്ച് കമ്മിറ്റി ഉണ്ടാക്കി. വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം കവരാനുള്ള ഓർഡിനൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് സ്വന്തം നോമിനിയെ വെച്ച് ഗവർണ്ണർ ഉത്തരവ് ഇറക്കിയത്.

സർക്കാറിന് താല്പര്യമുള്ള വ്യക്തിയെ വിസിയാക്കാനായി സെർച്ച് കമ്മിറ്റിയിൽ ഗവർണ്ണർക്കുള്ള അധികാരം കവർന്നുള്ള ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ നടപടി അന്തിമഘട്ടത്തിലാണ്. നിയമവകുപ്പ് നൽകുന്ന ശുപാര്‍ശ പരിഗണിച്ച് മന്ത്രിസഭാ യോഗം ഓർഡിനൻസ് ഇറക്കാനിരിക്കെയാണ് രാജ്ഭവൻ്റെ അതിവേഗ നീക്കം. 

ഇന്നാണ് ഒഴിവ് വരുന്ന് കേരള വിസി നിയമനത്തിനായി ഗവർണ്ണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. ഗവർണ്ണറുടെ നോമിനി കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ. ദേബാശിഷ് ചാറ്റർജിയാണ്. യുജിസി നോമിനി കർണാടകയിലെ കേന്ദ്ര സർവ്വകലാശാല വിസി പ്രൊഫ.ബട്ടു സത്യനാരായണ. സർവ്വകലാശാലയുടെ നോമിനിയെ ഒഴിച്ചിട്ടാണ് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചുള്ള ഉത്തരവിറങ്ങിയിരിക്കുന്നത്. 

സർവ്വകലാശാല നോമിനിയായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വികെ രാമചന്ദ്രനെ നേരത്തെ തീരുമാനിച്ചെങ്കിലും അദ്ദേഹം സ്വയം ഒഴിവായതായി ഗവർണ്ണ‌റെ സർവ്വകലാശാല അറിയിക്കുകയായിരുന്നു. ഓർഡിനൻസ് ഇറങ്ങും വരെ കാത്തിരിക്കാനായിരുന്നു സർക്കാറിൻറെയും സർവ്വകലാശാലയുടേയും നീക്കം. അതിനിടെയാണ് സർക്കാറിനെ വെട്ടിലാക്കിയുള്ള ഗവർണ്ണറുടെ നീക്കം. 

ഗവർണ്ണറുടെ ഉത്തരവ് സർക്കാറിന് മറികടക്കുക പ്രയാസമാണ്. നിലവിൽ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ഗവർണ്ണറുടേയും യുജിസിയുടേയും സർവ്വകലാശാലയുടേയും നോമിനികളാണുള്ളത്. ഇതിൽ ഗവർണ്ണറുടെ നോമിനിയായി സർക്കാർ പ്രതിനിധിയെ വെച്ചുകൊണ്ട് ഓർഡിനൻസ് ഇറക്കാനാണ് ശ്രമം. അത് വഴി  സർക്കാറിന് ഇഷ്ടമുള്ളയാളെ വിസിയാക്കാനായിരുന്നു ശ്രമം. ഇനി ഓ‌ർഡിനൻസ് ഇറക്കിയാലും കേരള വിസി നിയമനത്തിൽ പ്രാബല്യം ഉണ്ടാകില്ല. 

Follow Us:
Download App:
  • android
  • ios