കൊച്ചി: പുതിയ ചുമതല ദൈവനിയോഗമെന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പാപ്പൊലീത്തൻ വികാരിയായി നിയമിതനായ ആർച്ച് ബിഷപ്പ് മാർ ആന്‍റണി കരിയിൽ.  എറണാകുളം സെന്‍റ് മേരീസ്‌ ബസിലിക്ക പള്ളിയിൽ രാവിലെ ആർച്ച് ബിഷപ്പ് മാർ ആന്‍റണി കരിയിലിന്‍റെ നേതൃത്വത്തില്‍ കുര്‍ബാന നടന്നു.

ദൈവനിയോഗം പിതാക്കന്മാരിലൂടെ അറിയിച്ചപ്പോൾ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണ ചുമലത ഏറ്റെടുക്കുകയായിരുന്നു. എത്രത്തോളം നിറവേറ്റാൻ ആകുമെന്ന് അറിയില്ല. സന്തോഷത്തോട് കൂടി ഈ ജോലി ഏറ്റെടുക്കുന്നതായും മാര്‍ ആന്‍റണി കരിയില്‍ വിശ്വാസികളോട് പറഞ്ഞു.

അതേസമയം സിറോ മലബാർ സഭ സിനഡിന്‍റെ തീരുമാനങ്ങളടങ്ങിയ സർക്കുല‍ർ സഭയിലെ എല്ലാ പള്ളികളിലും വായിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം, വ്യാജരേഖാ കേസ്, വിവിധ സംഘടനകളുടെയും വൈദികരുടെ അച്ചടക്ക ലംഘനം തുടങ്ങിയ വിഷയങ്ങളിൽ സിനഡിന്‍റെ നിലപാട് വ്യക്തമാക്കുന്ന സ‍ർക്കുലറാണ് വായിച്ചത്.